എംസി റോഡില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; രോഗിയെ ആശുപത്രിയിലെത്തിച്ചത് മറ്റൊരു ആംബുലൻസ് എത്തിച്ച്
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസും 3 കാറുകളും കൂട്ടിയിടിച്ച് അപകടം.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 20 മിനിറ്റിനു ശേഷം മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പിറവം സ്വദേശിനി അന്നക്കുട്ടിയുമായി (65) കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ട ആംബുലൻസാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11നു എംസി റോഡില്‍ പാറോലിക്കല്‍ ജംക്‌ഷനു സമീപത്തായിരുന്നു അപകടം.
പിറവം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് അന്നക്കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയത്. പാറോലിക്കല്‍ ജംക്‌ഷനില്‍ വച്ച് തെറ്റായി ദിശയിലൂടെ വന്ന കാര്‍ ആംബുലൻസ് വരുന്നത് കണ്ട് ഭയന്ന് ബ്രേക്കിടുകയായിരുന്നു.
ഇതാണ് അപകടത്തിനു കാരണമെന്ന് ആംബുലൻസ് ഡ്രൈവര്‍ അമല്‍ പറയുന്നു. കാറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു സ്വിഫ്റ്റ് കാറിന്റെ പിന്നില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് അപകടത്തിന് കാരണമായ കാര്‍ മറ്റൊരു കാറിലും ഇടിച്ചു കയറി.
നാല് വാഹനങ്ങള്‍ നിരനിരയായി അപകടത്തില്‍ പെട്ടതോടെ എംസി റോഡില്‍ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. നാട്ടുകാരും വ്യാപാരികളും ഏറ്റുമാനൂര്‍ പൊലീസും ചേര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്