എംസി റോഡിൽ നാട്ടകത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
നാട്ടകം: എം.സി റോഡിൽ നാട്ടകം അകവളലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി തൊടുപുഴ സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്നു തൃശൂർ പൊന്നാനി റൂട്ടിൽ സഞ്ചരിക്കുകകയായിരുന്ന സൂപ്പർ ഫാസ്റ്റും സ്വിഫ്റ്റ് കാറുമാണ് ഇടിച്ചത്. നിയന്ത്രണം നഷ്ടമായ കാർ റോഡിന്റെ എതിർദിശയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. കെഎസ്ആർടിസിബസിന്റെ ഡ്രൈവറുടെ ക്യാബിനു സമീപത്തേയ്ക്കാണ് കാർ പാഞ്ഞു കയറിയത്. അപകടത്തിൽപ്പെട്ട കാറിൽ ഡ്രൈവർ അടക്കം നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്യുകയായിരുന്നു സംഘം. റോഡിന്റെ ദിശയറിയാതെ കാർ നിയന്ത്രണം നഷ്ടമായി പാഞ്ഞതാണെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷിച്ചത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. മറ്റാരുടെയും പരിക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.