സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം : കോർപ്പറേഷൻ ഭരണം ഉപതെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറച്ചു ; ഹൈബി ഈഡൻ
സ്വന്തം ലേഖകൻ
കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതിനു പുറമെ സൗമിനി ജെയിനെതിരെ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എം.പി രംഗത്തെ് എത്തിയിരുന്നു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്വം മേയർക്കാണെന്നും സ്വതന്ത്ര പദവിയുണ്ടായിട്ടു പോലും പ്രവർത്തിച്ചില്ലെന്നും പരസ്യമായി എം.പി. ആരോപിച്ചു.
ഇതോടൊപ്പം എ ഗ്രൂപ്പുകാരിയായ സൗമിനിക്കെതിരെ ഐ ഗ്രൂപ്പുകാർ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡൻ നടത്തിയ വിമർശനവും അതിന്റെ ഭാഗമാണ്. ഉറച്ച കോട്ടയായ എറണാകുളത്ത് 10,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വോട്ട് എണ്ണിത്തീർന്നപ്പോൾ അത് വെറും 3,750 ലേക്ക് ചുരുങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗമിനി ജെയിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജി.സി.ഡി.എ മുൻ ചെയർമാനുമായ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തിൽ മേയർക്ക് പരാജയം സംഭവിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സൗമിനി ജെയിനെ മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സൗമിനി ജെയിനെ തെരുവിൽ തടയുമെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു.
അതേസമയം ഇന്നലെ മേയർ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ രാജി വയ്ക്കാൻ തയ്യാറാണെന്ന് മേയർ പറഞ്ഞു. ടി.ജെ.വിനോദ് വിജയിച്ചതോടെ കെ.ആർ.പ്രേമകുമാർ ഡെപ്യൂട്ടി മേയർ സ്ഥാനത്തെത്താനാണ് സാദ്ധ്യത. ഇതോടൊപ്പം മേയർ സ്ഥാനത്തും മാറ്റം വരുത്തണമെന്നാണ് ഒരു വിഭാഗം കൗൺസിലർമാരുടെ ആവശ്യം. ഇക്കാര്യത്തിൽ ഉന്നത നേതൃത്വവും ഉടൻ സമവായത്തിൽ എത്തുമെന്നാണ് സൂചന.
അതേസമയം ഷൈനി മാത്യുവിനെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയാണെങ്കിലും കൗൺസിൽ യോഗങ്ങളിൽ പൊതുവേ മൗനം പാലിക്കാറുള്ള ഷൈനി മേയർ പോലെ ഉത്തരവാദിത്വമുള്ള പദവിക്ക് അനുയോജ്യയണോയെന്നാണ് ഇവരുടെ ആശങ്ക. ടി.ജെ.വിനോദ് വിജയിച്ചതോടെ മുനിസിപ്പൽ നിയമപ്രകാരം ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി ഒഴിവ് നികത്തണം. എന്നാൽ നിലവിലുള്ള കൗൺസിലിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രമുള്ളതിനാൽ എം.എൽ.എ ആയാലും ഓണറേറിയം വാങ്ങാതെ കൗൺസിലർ സ്ഥാനത്ത് തുടരാം.