മാസപ്പടി കേസ്: കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ; പണമൊന്നും കിട്ടിയിട്ടില്ലെന്ന് കെഎസ്‌ഐഡിസി ; അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

മാസപ്പടി കേസ്: കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ; പണമൊന്നും കിട്ടിയിട്ടില്ലെന്ന് കെഎസ്‌ഐഡിസി ; അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മാസപ്പടി കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐഒ. രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്‌ഐഒ ഹൈക്കോടതിയെ അറിയിച്ചു. ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്‌ഐഡിസി വാദിച്ചു. അന്വേഷണം തടയാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ല. തങ്ങളുടെ വിശ്വാസ്യതയെ സമന്‍സ് ബാധിക്കുമെന്നും കെഎസ്‌ഐഡിസി കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്ലും എക്‌സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ആരാഞ്ഞിരുന്നതായി കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കില്‍ എക്‌സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കെഎസ്‌ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു. വിശദീകരണം തേടിയെങ്കിലും സിഎംആര്‍എല്‍ മറുപടി നല്‍കിയില്ലെന്ന് കെഎസ്‌ഐഡിസി അറിയിച്ചു. അപ്പോഴാണ് വിശദീകരണം തേടിയതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് കെഎസ്‌ഐഡിസിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തെ തടയാന്‍ കോടതി തയ്യാറല്ല. ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായിട്ടാണോ അന്വേഷണം പോയതെന്ന് പരിശോധിക്കുക മാത്രമാണ് കോടതി ചെയ്യുന്നതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ പൊതുമേഖലാസ്ഥാപനമായ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയും, സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയുമാണ് ഹൈക്കോടതിയുടെ പരി​ഗണനയിലുള്ളത്.

എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഒന്നും ഭയക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.