പാട്ടുംപാടി ഒരു ശസ്ത്രക്രിയ; മാർ സ്ലീവാ മെഡിസിറ്റിയിൽ ‘എവേക് ക്രാനിയോട്ടമി’ സങ്കീർണ്ണ ബ്രെയിൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

Spread the love

പാലാ: രോഗിയെ പൂർണമായി മയക്കാതെ ബോധാവസ്ഥയിൽ തന്നെ ശസ്ത്രക്രിയ നടത്തേണ്ട ‘എവേക് ക്രാനിയോട്ടമി’ എന്ന അതീവ സങ്കീർണ്ണമായ ബ്രെയിൻ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയായി. തലച്ചോറിലെ ചലനവും സംസാര ശേഷിയും നിയന്ത്രിക്കുന്ന ഭാഗത്തിന് സമീപം ട്യൂമർ ഉണ്ടായിരുന്ന 27കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്.

video
play-sharp-fill

ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിലെ ഫ്രോണ്ടൽ ലോബിലാണ് ട്യൂമർ കണ്ടെത്തിയത്. നിർണായക കേന്ദ്രങ്ങൾക്കടുത്തായതിനാൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുമായി സംസാരിക്കുകയും നിർദ്ദേശങ്ങൾക്ക് പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് അത്യാവശ്യമായിരുന്നു. ശസ്ത്രക്രിയ നടക്കുമ്പോൾ രോഗി ഡോക്ടർമാരുടെ നിർദേശപ്രകാരം പാട്ടുപാടി സഹകരിച്ചു.

ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ശിവാനി ബക്ഷിയും സംഘത്തിലുണ്ടായിരുന്നു. ന്യൂറോ നാവിഗേഷൻ, ഇൻട്രാഓപ്പറേറ്റീവ് ന്യൂറോ മോണിറ്ററിംഗ് എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ്, പ്രധാന കോശങ്ങൾ സംരക്ഷിച്ചുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയയിലുടനീളം രോഗി മികച്ച രീതിയിൽ സഹകരിച്ചതിനാൽ സംസാരശേഷിയിലും ചലനശേഷിയിലും യാതൊരു തകരാറുകളും സംഭവിക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കാനായി. പ്രാഥമിക പരിശോധനയിൽ ട്യൂമർ അപകടകാരിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഖം പ്രാപിച്ച രോഗി ആശുപത്രി വിട്ടു.

സാധാരണക്കാരായ രോഗികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ സുരക്ഷിതമായി നൽകുന്നതിൽ പ്രതിബദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറ്, നാഡി, നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കായി വിവിധ ആധുനിക ചികിത്സകളും നൂതന ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാണ്.