video
play-sharp-fill

ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ കോണ്‍ട്രാക്ടര്‍ ജോലികള്‍ പലവിധം ; മാട്രിമോണി സൈറ്റുകള്‍ വഴി ലക്ഷ്യം വെക്കുന്നത് അവിവാഹിതരായ പ്രായമായ സ്ത്രീകള്‍, വിധവകള്‍ എന്നിവരെ ; ഇത്തരത്തിൽ ചെയ്ത് കൂട്ടിയത് 15 വിവാഹങ്ങള്‍ ; യുവാവ് അറസ്റ്റിൽ

ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ കോണ്‍ട്രാക്ടര്‍ ജോലികള്‍ പലവിധം ; മാട്രിമോണി സൈറ്റുകള്‍ വഴി ലക്ഷ്യം വെക്കുന്നത് അവിവാഹിതരായ പ്രായമായ സ്ത്രീകള്‍, വിധവകള്‍ എന്നിവരെ ; ഇത്തരത്തിൽ ചെയ്ത് കൂട്ടിയത് 15 വിവാഹങ്ങള്‍ ; യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ 

ബംഗളുരു: മാട്രിമോണി സൈറ്റുകള്‍ വഴി തട്ടിപ്പ് നടത്തി പതിനഞ്ച് വിവാഹം ചെയ്ത യുവാവ് പിടിയിൽ. ബംഗളുരു കാളിദാസ നഗര്‍ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്.

ഇയാൾ ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ കോണ്‍ട്രാക്ടര്‍ എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്യുന്നയാളാണെന്ന് കാണിച്ചായിരുന്നു മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിവാഹിതരായ പ്രായമായ സ്ത്രീകള്‍, വിധവകള്‍ എന്നിങ്ങനെയുള്ളവരെയാണ് മഹേഷ് ലക്ഷ്യമിട്ടിരുന്നത്. വിവാഹ ശേഷം പണവും മറ്റ് സാധനങ്ങളുമായി ദിവസങ്ങള്‍ക്കകം മുങ്ങുന്നതാണ് ഇയാളുടെ രീതി.

രണ്ട് കാറുകളും ഏഴ് മൊബൈല്‍ ഫോണുകളും രണ്ട് ലക്ഷം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ആരോപണങ്ങള്‍ സമ്മതിച്ചു. ഡോക്ടറെന്നോ എഞ്ചിനീയറോന്നോ മറ്റോ പരിചയപ്പെടുത്തുന്ന പ്രൊഫലുകളിലൂടെ ഇവരുമായി അടുപ്പം സ്ഥാപിക്കും.

വിവാഹത്തിന് ശേഷം വാടക വീടുകളിലേക്ക് കൊണ്ടുപോവുകയും അവിടെ കുറച്ച് ദിവസം താമസിച്ച ശേഷം മുങ്ങുകയുമായിരുന്നു രീതി. സംഭവിച്ച കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ചില സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഡോക്ടര്‍മാര്‍ക്ക് വേണ്ടി മാത്രമുള്ള ഒരു മാട്രിമോണി വെബ്‍സൈറ്റിലും ഇയാള്‍ക്ക് പ്രൊഫൈലുണ്ടായിരുന്നു. മൈസൂര്‍ ആര്‍.ടി നഗര്‍ സ്വദേശിയായ ഹേമലതയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതും തുടര്‍ന്ന് യുവാവ് പിടിയിലായതും.

2022 ഓഗസ്റ്റിലാണ് ഡിഎന്‍ബി സ്‍പെഷ്യലിസ്റ്റ് ഡോക്ടറെന്ന് പരിചയപ്പെടുത്തി മഹേഷ്, ഹേമലതയെ വിവാഹം ചെയ്യാനുള്ള താത്പര്യം അറിയിച്ചത്. പിന്നീട് ബംഗളുരു മാരത്തഹള്ളിയിലുള്ള ഒരു കടയില്‍ വെച്ച് പരസ്പരം കണ്ട് ഫോണ്‍ നമ്പറുകള്‍ കൈമാറി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹേമലതയെ മൈസൂരിലേക്ക് വിളിക്കുകയും ചാമുണ്ഡി ഹില്ലില്‍ കൊണ്ട് പോവുകയും ചെയ്ത ശേഷം എസ്ബിഎം ലേഔട്ടിലുള്ള വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് വിജയനഗറില്‍ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതി വിശദീകരിച്ചത്.

ഹേമലത ബന്ധുക്കളുമായി സംസാരിക്കുകയും 2023 ജനുവരി അവസാനം വിശാഖപട്ടണത്തെ ഹോട്ടലില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം മൈസൂരിലേക്ക് തിരിച്ചെത്തിയ ഉടന്‍ തന്നെ പുതിയ ക്ലിനിക്ക് തുറക്കുന്ന കാര്യം വീണ്ടും അവതരിപ്പിച്ചു.

ഇതിനായി ഹേമലത 70 ലക്ഷം രൂപയുടെ ലോണിന് ആപേക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ഭീഷണിയായി. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണവും മോഷ്ടിച്ച് ഇയാള്‍ സ്ഥലംവിട്ടു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബംഗളുരു സ്വദേശിയായ ദിവ്യ എന്ന മറ്റൊരു സ്ത്രീ ഹേമലതയെ സമീപിച്ച്, മഹേഷ് തന്നെയും വിവാഹം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കി ഹേമലത പരാതി നല്‍കിയത്.

പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്തപ്പോള്‍ 15 വിവാഹം ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തായി. വിവാഹം ചെയ്ത ചില സ്ത്രീകളെ പല വീടുകളിലായി പാര്‍പ്പിച്ചിരിക്കുകയാണെന്നും മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇവരെ സന്ദര്‍ശിക്കുകയുമാണ് പതിവെന്നും ഇയാള്‍ പറഞ്ഞു.