play-sharp-fill
അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ ; തട്ടിപ്പുവീരനെ കുടുക്കിയത് നാലാം ഭാര്യ

അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ ; തട്ടിപ്പുവീരനെ കുടുക്കിയത് നാലാം ഭാര്യ

സ്വന്തം ലേഖകൻ

ഹരിപ്പാട്: അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹത്തട്ടിപ്പ് വീരൻ പൊലീസ് അറസ്റ്റിൽ. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ് കുട്ടി (50) ആണ് വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പൊലീസ് പിടിയിലായത്. വിവാഹ ദിനത്തിന്റെ അന്ന് നാലാംഭാര്യയാണ് ഇയാളെ കുടുക്കിയത്.


ഹരിപ്പാട് കരീലക്കുളങ്ങര സ്വദേശിനിയായ യുവതിയുമായി ബുധനാഴ്ച വൈകിട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങി വന്നപ്പോഴാണ് തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനിയായ ഇയാളുടെ നാലാം ഭാര്യ പൊലീസുകാർക്കൊപ്പം സ്ഥലത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിസിനസുകാരൻ, വസ്തു ബ്രോക്കർ, ലോറി മുതലാളി എന്നൊക്കെ പറഞ്ഞാണ് ഇയാൾ വിവാഹത്തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇയാളുടെ മുൻപത്തെ നാലു വിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയതുവരികെയായിരുന്നു ഖാലിദ് കുട്ടി. ലോറി ഉടമയാണെന്ന് പറഞ്ഞ് കബൡപ്പിച്ചായിരുന്നു അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയത്. കൊട്ടിയം സ്വദേശിനിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്.

തുടർന്ന് പെരിന്തൽമണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നും വിവാഹം കഴിച്ചിരുന്നു. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിരിക്കുന്നത്. ഓൺലൈൻ വിവാഹ സൈറ്റുകൾ വഴിയാണ് നിർധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാൾ ബന്ധമുണ്ടാക്കുന്നതെന്ന് തട്ടിപ്പിനിരയായ നാലാം ഭാര്യ പറഞ്ഞു.

ഒന്നരവർഷം മുൻപാണ് ചാവക്കാട് വടക്കേക്കാട് സ്വദേശിനിയെ ഇയാൾ വിവാഹം കഴിച്ചത്. മൂന്നുമാസത്തിനു ശേഷം എട്ടുപവന്റെ സ്വർണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തശേഷം മുങ്ങുകയായിരുന്നു.

വിവാഹ തട്ടിപ്പുകേസിൽ അറസ്റ്റിലായ ഖാലിദ് കുട്ടിയെ തൃശൂർ വടക്കേക്കാട് പൊലീസിന് കൈമാറി.