
മറിയപ്പള്ളി ഇന്ത്യാ പ്രസിനു സമീപം കണ്ടെത്തിയ അസ്ഥികൂടം വൈക്കം സ്വദേശിയുടേത്: മരിച്ചത് വൈക്കം കുടവച്ചൂർ സ്വദേശിയായ ബാർ ജീവനക്കാരൻ; കുമരകത്തെ ബാർ ജീവനക്കാരൻ മറിയപ്പള്ളിയിൽ എത്തിയത് എങ്ങിനെ..! നിർണ്ണായകമായത് മൊബൈൽ ഫോൺ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മറിയപ്പള്ളി ഇന്ത്യാ പ്രസിനു സമീപം കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിഞ്ഞു. വൈക്കം കുടവച്ചൂർ സ്വദേശിയായ ബാർ ജീവനക്കാരനാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. വൈക്കം കുടവച്ചൂർ താമിക്കല്ല് ഭാഗത്ത് വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസിന്റെ (23) മൃതദേഹമാണ് ഇന്ത്യ പ്രസിനു സമീപത്തു കണ്ടെത്തിയത് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂൺ മൂന്നു മുതലാണ് ജിഷ്ണുവിനെ വീട്ടിൽ നിന്നും കാണാതായത്. കുമരകത്തെ ബാർ ജീവനക്കാരനായ ജിഷ്ണു, ജോലിയ്‌ക്കെന്ന പേരിൽ വീട്ടിൽ നിന്നു പോകുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി പൊലീസ് പരിശോധന നടത്തിയിട്ടും ജിഷ്ണുവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു പൊലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ മറിയപ്പള്ളി ഇന്ത്യ പ്രസിനു സമീപത്തു അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. ഈ അസ്ഥികൂടത്തിന് സമീപത്തു നിന്നും രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം ജിഷ്ണുവിൻ്റെയാണ് എന്നു കണ്ടെത്തിയത്. ജിഷ്ണുവിന്റെ മൊബൈൽ ഫോൺ തന്നെയാണ് സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയത് എന്നു പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
തുടർന്നു, കാണാതായ ആളുകളെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ്, വൈക്കം പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായവരുടെ പട്ടിക പൊലീസ് ശേഖരിച്ചത്. തുടർന്നു, മരിച്ച ജിഷ്ണുവിനെ തിരിച്ചറിയുകയായിരുന്നു. അസ്ഥികൂടം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.