video
play-sharp-fill
മറിയാമ്മ അത്ര നിസ്സാരക്കാരിയല്ല;

മറിയാമ്മ അത്ര നിസ്സാരക്കാരിയല്ല;

സ്വന്തം ലേഖകൻ

കോട്ടയം: ഡോക്ടറെ ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്തതിന് അറസ്റ്റിലായ മറിയാമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഉന്നതരടക്കം നിരവധി പേരെയാണ് ഇവർ അശ്ലീലവീഡിയോയിൽ കുരുക്കിയത്. കടപ്രയിലുള്ള ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ ലാപ്ടോപ്പിൽ നിന്നും നൂറിലധികം അശ്ലീലവീഡിയോകൾ കണ്ടെടുത്തത്. ഭൂരിപക്ഷം വീഡിയോകളിലും മറിയാമ്മ തന്നെയാണ് കഥാപാത്രമെങ്കിലും ഇവരുടേതല്ലാത്ത ചില വീഡിയോകളുമുണ്ട്.മറ്റ് സ്ത്രീകളെയും ഇത്തരത്തിൽ ഉപയോഗിച്ചതായി സംശയിക്കുന്നു. കോട്ടയത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവും ഇവരുടെ
വലയിൽ കുടുങ്ങിയതായി സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടു പ്രാവശ്യമായി എട്ടുലക്ഷം രൂപ കൊടുത്ത പാലായിലെ ഡോക്ടറോട് അഞ്ചുലക്ഷം കൂടി ചോദിച്ചതോടെയാണ് കേസായതും മറിയാമ്മ കുടുങ്ങിയതും. ഇരകളെ കണ്ടെത്തുന്നതും കുടുക്കുന്നതും മറിയാമ്മ ഒറ്റയ്ക്കാണ്. ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അടുക്കാനും ഒറ്റയ്ക്ക് കിട്ടാനുമുള്ള കാത്തിരിപ്പാകും. വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കയറും. ഇരയുടെ മനോഭാവം മനസ്സിലാക്കി കരുക്കൾ നീക്കും. മനസ്സറിഞ്ഞ് ഇടപഴകും. അവസരമൊത്തുവരുമ്പോൾ വീഡിയോയും ചിത്രങ്ങളും പകർത്തി രഹസ്യമായി സൂക്ഷിക്കും. എന്നിട്ട് ഒന്നും അറിയാത്തതുപോലെ രണ്ടോ മൂന്നോ ലക്ഷം രൂപ മറിയാമ്മ ആവശ്യപ്പെടും. ഇല്ലെന്ന് പറഞ്ഞ് ഇര ഒഴിയാൻ ശ്രമിച്ചാൽ തുറുപ്പുചീട്ട് ഇറക്കും. താങ്കളുടെ അശ്ലീലചിത്രം എന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് വിരട്ടുന്നതോടെ ഇര വീഴും. എന്നാൽ ഇതിലൊന്നും വീഴാത്ത ചില വില്ലന്മാരുണ്ട്. അവരെ മെരുക്കാനാണ് മറിയാമ്മയുടെ സംഘത്തിലെ രാജേഷ്. മറിയാമ്മയുടെ കൈവശമുള്ള ക്ലിപ്പിംഗുകളിലെ ചില സാമ്പിളുകൾ രാജേഷ് മൊബൈലിൽ ഇട്ടുകൊടുക്കും. ഇതോടെ കുരുക്കിൽ അകപ്പെട്ടയാൾക്ക് സംഗതി പന്തികേടാണെന്ന് മനസ്സിലാകും. കേസ് കൊടുത്ത് നാണംകെടാൻ നിൽക്കാതെ ചോദിക്കുന്ന പണം നൽകി രക്ഷപ്പെടുകയാണ് പതിവ്. തട്ടിപ്പിനിരയായ കൂടുതൽ പേരെ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.