മോഹൻലാലിന്റെ വീട്ടിൽ റീത്ത് വെച്ച് കരിങ്കൊടിയും കുത്തി
സ്വന്തം ലേഖകൻ
കൊച്ചി: അമ്മയുടെ പ്രസിഡൻറും നടനുമായ മോഹൻലാലിൻറെ എറണാകുളം എളമക്കരയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി വീടിന്റെ ഗേറ്റിൽ റീത്തും വെച്ച് കരിങ്കൊടിയും കുത്തി. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർക്കൊപ്പം നിൽക്കുന്ന മോഹൻലാലും അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളും സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അമ്മയ്ക്കും താരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ഫ്‌ളെക്‌സ് ബോർഡുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഫ്‌ളെക്‌സ് ബോർഡ് മോഹൻലാലിൻറെ വീടിന് മുന്നിലെ ഗേറ്റിൽ സ്ഥാപിച്ചു. മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മുൻകൂട്ടി അറിയിച്ചിട്ടും സ്ഥലത്ത് പോലീസിൻറെ സാന്നിധ്യമുണ്ടായിരുന്നില്ല. പ്രതിഷേധം നടക്കുമ്പോൾ മോഹൻലാലിന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്ന ഫാൻസ് അസോസിയേഷൻകാർ ഓടി രക്ഷപ്പെട്ടു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹൻലാൽ വിദേശത്താണ്. കുടുംബാംഗങ്ങൾ ആരും വീട്ടിലുണ്ടായിരുന്നില്ല.