മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല ; സുപ്രീം കോടതി വിധി വിജയകരം : പൊലീസ് കമ്മീഷണർ വിജയ് സാഖറെ
സ്വന്തം ലേഖകൻ
കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല. കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ശനിയാഴ്ച പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്‌ളാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു.
‘എച്ച്2ഒ, ആൽഫ വൺ എന്നിവ തകർത്തപ്പോൾ കായലിനോ, സമീപത്തെ വീടുകൾക്കോ, മറ്റ് നിർമ്മിതികൾക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആൽഫ സെറീൻ തകർക്കുന്നതിന് മുൻപ് തന്നെ കായലിലേക്ക് അതിന്റെ ഒരു ഭാഗം വീഴ്ത്തുമെന്ന് അറിയിച്ചിരുന്നു. ചുറ്റുമുള്ള വീടുകൾക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനായിരുന്നു ഇത്,’ കമ്മിഷണർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം തകർക്കുമ്പോൾ മരങ്ങൾക്കോ മറ്റ് വസ്തുക്കൾക്കോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയ നാശനഷ്ടം പോലും കുറവാണ്. പതിനഞ്ചു മിനിറ്റോളം വൈകിയാണ് സ്‌ഫോടനം നടത്തിയത്. എയർ ക്ലിയറൻസ് കിട്ടാൻ വൈകിയതാണ് കാരണം. അഞ്ചാം സൈറൺ ദേശീയപാതയിലെ കുരുക്കഴിച്ച ശേഷം നൽകും. സമീപത്തെ ഇടറോഡുകൾ കൂടി തുറന്നുകൊടുത്ത ശേഷം ആറാമത്തെ സൈറൺ മുഴക്കും. അപ്പോൾ എല്ലാവർക്കും അവരവരുടെ വീടുകളിലേക്ക് പോകാം എന്നും ജില്ലാ കളക്ടർ പറഞ്ഞു.