
മരടിലെ ഫ്‌ളാറ്റ് പൊളിച്ചു നീക്കാതെ സർക്കാരിന് ഇനി രക്ഷയില്ല: കർശന നടപടികളുമായി സുപ്രീം കോടതി രംഗത്ത്; പിടിവിട്ട് എൽഡിഎഫ് സർക്കാർ; ഭയന്നു വിറച്ച് നിയമലംഘകരായ ഫ്‌ളാറ്റ് ഉടമകൾ
സ്വന്തം ലേഖകൻ
കോട്ടയം: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാതെ സർക്കാരിന് ഇനി രക്ഷയില്ലെന്ന് ഉറപ്പായി. അനധികൃതമായി നിർമ്മിച്ച ഫ്‌ളാറ്റുകളെല്ലാം ഇപ്പോൾ സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. മരട്് ഫ്‌ളാറ്റ് പൊളിച്ചു നീക്കാൻ തീരുമാനിച്ചാൽ ഇതിന്റെ ചുവട് പിടിച്ച് നിരവധി ഫ്‌ളാറ്റുകൾക്കെതിരെ ആരോപണം ഉയരും. ഇതെല്ലാം സർക്കാരിനെയും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയമം ലംഘിച്ച് നിർമ്മിച്ച് ഫ്‌ളാറ്റ് ഉടമകളും ഭീതിയിലാകുന്നത്.
കണ്ടം നികത്തിയും , പാടം മണ്ണിട്ടുയർത്തിയും, കുന്നിടിച്ചും തണ്ണീർത്തടം നികത്തിയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നൂറിലേറെ ഫ്‌ളാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഫ്‌ളാറ്റുകളിൽ പലതിനും അനുമതി ലഭിച്ചിരിക്കുന്നത് കോടികൾ വാരിയെറിഞ്ഞത് കൊണ്ടു തന്നെയാണ്. ഈ അഴിമതിയിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒരു പോലെ പ്രതികളാണ്. ഈ സാഹചര്യത്തിലാണ് മരടിലെ ഫ്‌ളാറ്റ് പൊളിച്ചുമാറ്റാനുള്ള തീരുമാനം ഉദ്യോഗസ്ഥ, രാഷ്ട്രീയ, ഫ്‌ളാറ്റ് ലോബികളെ ഒരു പോലെ ബാധിക്കുന്നത്.
ഇതിനിടെ, മരടിലെ ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ബദൽമാർഗങ്ങൾ തേടി ഫ്ളാറ്റ് ഉടമകൾ. ഡീസൽ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണ് ഫ്ളാറ്റ് ഉടമകൾ പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തൽ സമരം നടത്തുമെന്നും ഉടമകൾ അറിയിച്ചു.
ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായാണ് നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലെയും വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചത്. ഇതോടൊപ്പം ഫ്ളാറ്റുകളിലേക്കുള്ള ജലവിതരണം ജല അതോറിറ്റിയും നിർത്തിവെച്ചിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അധികൃതർ ഈ നടപടികൾ സ്വീകരിച്ചത്.
എന്നാൽ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്ളാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്. സെപ്റ്റംബർ 29-നകം ഉടമകളെ പൂർണമായും ഒഴിപ്പിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള പ്രവർത്തികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം
Third Eye News Live
0