കേരളത്തിന്റെ നിലപാട് ഞെട്ടിപ്പിക്കുന്നു; മരട് ഫ്ളാറ്റ് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
സ്വന്തം ലേഖിക
ന്യൂഡൽഹി: മരട് ഫ്ളാറ്റ് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നിയമ ലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ ചെയ്യുന്നത്, എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കേസ് പരിഗണിച്ച് കോടതി രൂക്ഷവിമർശനം ഉയർത്തി. കേസിൽ വിശദമായ ഉത്തരവ് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ് സർക്കാറിന് ഇല്ലെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞത്. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി സംസ്ഥാനത്തിന് ഒപ്പം നിന്നു. സുപ്രീംകോടതി അടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നൽകി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ശകാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് പരിഗണിച്ച ഉടൻ തന്നെ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ എന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയിൽ ഹാജരായിരുന്നു. എത്ര സമയം വേണം നിങ്ങൾക്ക് ഫ്ളാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളം എന്നാണ് കോടതി ചോദിച്ചത്. കേരളത്തിന്റെ ഈ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നാണ് കോടതി പറഞ്ഞത്.
‘ഈ ഫ്ളാറ്റിലുള്ള 343 കുടുംബങ്ങളെ രക്ഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കിൽ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവ് ഇറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല’ എന്നാണ് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞത്. കേസിന്റെ വിധി വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
അതേസമയം സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിക്കാനില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചത്. ആദ്യം സുപ്രീം കോടതിയുടെ വിധി വരട്ടെ, എന്നിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.