
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട്ട് മാലത്തെ ചീട്ടുകളി കളത്തിൽ നിന്നും 17.8 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിനെതിരെ പരാതി നൽകി ചീട്ടുകളി ക്ലബ് സെക്രട്ടറി. ചീട്ടുകളി നടന്ന ക്രൗൺ ക്ലബിന്റെ സെക്രട്ടറിയായ മാലം സുരേഷാണ് പൊലീസിനെതിരെ പരാതി നൽകിയിരിക്കുന്നത്. തന്റെ കച്ചവട സ്ഥാപനത്തിൽ പൊലീസ് അനധികൃതമായി റെയിഡ് നടത്തി പണം പിടിച്ചെടുക്കുകയായിരുന്നുവെന്ന വാദമാണ് ഇപ്പോൾ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് ഉയർത്തിയിരിക്കുന്നത്.
മാലം സുരേഷിന്റെ വാദം തൊണ്ട തൊടാതെ വിഴുങ്ങി വാർത്ത നൽകിയ മലയാള മനോരമ ഈ ചീട്ടുകളി സംഘത്തിനു കൂട്ടു നിൽക്കുകയാണ് എന്നുള്ള വ്യക്തമായ സൂചനയും പുറത്തു വന്നിട്ടുണ്ട്. ആദ്യ രണ്ടു ദിവസം ശക്തമായി വാർത്തയെഴുതിയ മലയാള മനോരമ, പിന്നീട് വാർത്ത പിൻവലിച്ചതും മാലം സുരേഷിന്റെ സമ്മർദ്ദത്തിന്റെ ഭാഗമായാണ് എന്ന സൂചനയാണ് ലഭിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് മണർകാട് ക്രൗൺ ക്ലബിൽ പൊലീസ് റെയിഡ് നടത്തി 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. എന്നാൽ, ഇവിടെ റെയിഡ് നടത്തിയ വാർത്ത ആദ്യ ദിവസങ്ങളിൽ മലയാള മനോരമ നൽകിയിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ മലയാള മനോരമ ദിനപത്രത്തിലാണ് മാലം സുരേഷ് എന്ന കെ.വി സുരേഷിന്റെ വിശദീകരണം പുറത്തു വന്നിരിക്കുന്നത്.
മണർകാട് പ്രവർത്തിച്ചിരുന്നത് തന്റെ സ്ഥാപനം ആണെന്നും, ഈ സ്ഥാപനത്തിൽ നിന്നും പൊലീസ് അനധികൃതമായി റെയിഡ് നടത്തിയാണ് 18 ലക്ഷത്തോളം രൂപം പിടിച്ചെടുത്തതെന്നുമുള്ള വാദമാണ് ഇപ്പോൾ മാലം സുരേഷ് ഉയർത്തുന്നത്. സുരേഷിന്റെ വാദം ശരിയാണ് എന്നു തന്നെ വച്ചാൽ പോലും, മണർകാട് പോലെ ഒരു സ്ഥലത്ത് ഒരു ദിവസം 18 ലക്ഷം രൂപയുടെ കച്ചവടം നടത്താൻ എന്താ ലുലുമാളോണോ മാലം സുരേഷ് ഇവിടെ നടത്തിയിരുന്നതെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്.
പൊലീസ് പിടികൂടിയ 43 പേരിൽ പലരും ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നും എത്തിയവരായിരുന്നു. ഇവർ ഇത്ര കിലോമീറ്റർ ദൂരെ നിന്നും എന്തു സാധനം വാങ്ങാനാണ് മണർകാട് പോലെ ഒരു സ്ഥലത്ത് എത്തിയതെന്ന വാദവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ മാലം സുരേഷിനെ വെള്ളപൂശാനുള്ള മലയാള മനോരമയുടെ ശ്രമമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.



