
മണർകാട്ടെ ക്രൗൺ ക്ലബിലെ ചീട്ടുകളി: മാലം സുരേഷിനു കുരുക്ക് മുറുകുന്നു; ചീട്ടുകളി നടന്നതായി രണ്ടു കളിക്കാരുടെ മൊഴി; ആഗസ്റ്റ് ആറിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ സുരേഷിനു നോട്ടീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മാലം സുരേഷിന് കുരുക്ക് മുറുകുന്നു. ക്രൗൺ ക്ലബ് സെക്രട്ടറിയായ മാലം സുരേഷിനെതിരായ നിർണ്ണായക തെളിവുകൾ പൊലീസ് ശേഖരിച്ചു. ചീട്ടുകളി സ്ഥലത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ, ഇന്ന് വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ രണ്ടു പേരും പണം വച്ച് ചീട്ടുകളി നടന്നതായി മൊഴി നൽകി. ഈ സാഹചര്യത്തിൽ ക്ലബ് സെക്രട്ടറി മാലം സുരേഷിനോടു ആഗസ്റ്റ് ആറിനു ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ പൊലീസ് മിന്നൽ പരിശോധന നടത്തി 18 ലക്ഷം രൂപയുമായി 43 പേരെ പിടികൂടിയത്. പണം വച്ച് ചീട്ടുകളി നടക്കുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു മാലം സുരേഷിന്റെ ക്രൗൺ ക്ലബിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് അട്ടിമറിക്കാൻ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന രതീഷ്‌കുമാർ തന്നെ ശ്രമിച്ചതായി വ്യക്തമായ സൂചന പുറത്തു വന്നിരുന്നു. രതീഷ്‌കുമാറും മാലം സുരേഷും തമ്മിലുള്ള ഓഡിയോ സന്ദേശവും ഇതിനിടെ പുറത്തു വന്നു. കേസ് അട്ടിമറിക്കാനും, പൊലീസിനെ ഒറ്റാനും രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായതോടെ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിനൊടുവിൽ രതീഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്തു. ഇതിനു പിന്നാലെ, രതീഷ്‌കുമാറിനെതിരെ വകുപ്പ് തല അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെയാണ് മാലം സുരേഷ് സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥനു മാലം സുരേഷിനെ നോട്ടീസ് നൽകി വിളിച്ചു വരുത്താമെന്നു കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷിനെതിരെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നോട്ടീസ് നൽകിയിരിക്കുന്നത്. ആഗസ്റ്റ് ആറിനു നേരിട്ടു ഹാജരായി മൊഴി നൽകണമെന്നാണ് മാലം സുരേഷിനു നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇയാൾ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണ് സിആർപിസി പ്രകാരമുള്ള നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌കുമാറാണ് ഈമാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്.
കേസിലെ രണ്ട് പ്രതികളുടെയും മൂന്ന് സാക്ഷികളുടെയും മൊഴി അന്വേഷണസംഘം ചൊവ്വാഴ്ച രേഖപ്പെടുത്തി. പണം വച്ച് ചീട്ടുകളിച്ചതായും ക്ലബ്ബിൽ വൻതുക മറിഞ്ഞിരുന്നതായുംപ്രതികൾ സമ്മതിച്ചു. ഇവരിൽ ഒരാൾ നാലു മാസം മുൻപും, ഒരാൾ മൂന്നാഴ്ച മുൻപുമാണ് കളിക്കാനായി എത്തിയത്. ഇവർ റെയ്ഡിൽ അറസ്റ്റിലായവരാണ്. ക്ലബ്ബിന് സമീപമുള്ള കടക്കാരാണ് സാക്ഷിമൊഴി നൽകിയത്. ക്ലബ്ബിൽ നിരവധി പേർ വന്നുപോയിരുന്നെന്നും അകത്ത് നടക്കുന്നത് എന്താണെന്ന് അറിയില്ലായിരുന്നെന്നും ഇവർ പറഞ്ഞു.