മൻമോഹൻ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും;കോൺഗ്രസിന്റെ തല മുതിർന്ന നേതാവിന് രാജ്യസഭയിലേക്ക് പോകാൻ സീറ്റില്ല

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ അസമിൽ നിന്നുള്ള എം.പിയാണ് അദ്ദേഹം. കോൺഗ്രസിന് ആവശ്യമായ എം.എൽ.എമാർ അസമിലില്ലാത്തതിനാൽ അസമിൽ നിന്ന് വീണ്ടും എം.പിയായി രാജ്യസഭയിലേക്കെത്താൻ മൻമോഹൻ സിംഗിന് കഴിയില്ല.43 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് കോൺഗ്രസിന് 25 എം.എൽ.എമാർ മാത്രമേ അസമിലുള്ളു. മധ്യപ്രദേശ്,കർണ്ണാടക,ഛത്തീസ്ഗഢ്, പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ആവശ്യമായ പിന്തുണ ഉണ്ട്. അതേസമയം അവിടെയൊന്നും രാജ്യസഭയിലേക്ക് നിലവിൽ ഒഴിവില്ല,.തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ ഒരെണ്ണമാണ് മൻമോഹൻ സിംഗിന്റെ മുന്നിലുള്ള ഏക പ്രതീക്ഷ. ഇത്തരത്തിൽ മൻമോഹൻ സിംഗിന് ഒരു സീറ്റ് വിട്ട് നൽകാൻ ഡി.എം.കെ ഒരുക്കമാണ്. മൻമോഹൻ സിംഗിന്റെ സാന്നിധ്യം പാർലമെന്റിൽ അനിവാര്യമാണെന്ന അഭിപ്രായമാണ് ഡി.എം.കെയ്ക്ക് ഉള്ളത്. അടുത്തമാസം 24ന് ആറു സീറ്റുകളിൽ ഒഴിവു വരും. അതിൽ മൂന്നെണ്ണം ഡി.എം.കെയ്ക്കുള്ളതാണ്. അതേസമയം കോൺഗ്രസ് ഹൈക്കമാൻഡ് ഇത്തരത്തിലൊരാവശ്യവുമായി സ്റ്റാലിനെ ഇതുവരെ സമീപിച്ചിട്ടില്ല. 1991ലാണ് അസമിൽ നിന്ന് ആദ്യമായി മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്.