play-sharp-fill
മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ട് ആക്കാൻ നീക്കം; വെളിപ്പെടുത്തലുമായി ബാബുരാജ്

മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡണ്ട് ആക്കാൻ നീക്കം; വെളിപ്പെടുത്തലുമായി ബാബുരാജ്

സ്വന്തം ലേഖകൻ

നടി മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റാക്കാൻ നീക്കം നടത്തിയിരുന്നതായി ബാബു രാജ് വെളിപ്പെടുത്തി. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിവാദത്തിൽ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചർച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ബാബുരാജ് രംഗത്തെത്തിയത്. നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ മഞ്ജു വാര്യർ അതിന് വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. കാലാനുസൃതമായ മാറ്റങ്ങൾ അമ്മയിലും ഉണ്ടാകും. ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ മതി. രാജിവെച്ച മൂന്ന് നടിമാരെ കൂടാതെ ഷമ്മി തിലകനേയും ജോയ് മാത്യുവിനേയും സംഘടന ബന്ധപ്പെടുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ എന്തെന്ന് ചോദിച്ച് മനസ്സിലാക്കി പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അമ്മ. സംഘടനയിൽ സംഭവിച്ച എല്ലാ തെറ്റുകൾക്കും പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കിയ ആവേശത്തിലാണ് അമ്മയിൽ നിന്നും പുറത്താക്കിയത്. എന്നാൽ സംഘടനാ നിയമപ്രകാരം അത് തെറ്റായിരുന്നു. നേരത്തെ തിലകൻ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയുടെ മുന്നിൽ വിശദീകരണം നൽകിയില്ലെങ്കിലേ പുറത്താക്കാൻ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മ. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടു.