play-sharp-fill
ഒന്നിപ്പിക്കാനുള്ള വനിതാ മതിൽ വിള്ളൽ വീഴ്ത്തിയത് സിനിമയിലെ വനിതാ കൂട്ടായ്മയിൽ: മഞ്ജു തള്ളിപ്പറഞ്ഞപ്പോൾ വനിതാ മതിലിനു പിൻതുണയുമായി ഡബ്യുസിസി; മഞ്ജുവും വനിതാ കൂട്ടായ്മയും തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു

ഒന്നിപ്പിക്കാനുള്ള വനിതാ മതിൽ വിള്ളൽ വീഴ്ത്തിയത് സിനിമയിലെ വനിതാ കൂട്ടായ്മയിൽ: മഞ്ജു തള്ളിപ്പറഞ്ഞപ്പോൾ വനിതാ മതിലിനു പിൻതുണയുമായി ഡബ്യുസിസി; മഞ്ജുവും വനിതാ കൂട്ടായ്മയും തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയിലെ ഒരു മുൻ നിര നടി ആക്രമിക്കപ്പെട്ടപ്പോൾ, അതിനു പിന്നിലെ ഗൂഡാലോചന സിദ്ധാന്തവുമായി ആദ്യം രംഗത്ത് എത്തിയത് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരായിരുന്നു. തന്റെ ദാമ്പത്യ ബന്ധത്തിലെ വിള്ളലുകളാണ് നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്ന് പറയാതെ പറഞ്ഞ നടി തുറന്ന് വിട്ടത് മലയാള സിനിമയിലെ ഒരു ഭൂതത്തെയായിരുന്നു. ഇതേ തുടർന്ന് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വനിതാ വിമൺ കളക്ടീവ് പോലും രൂപപ്പെട്ടു. എന്നാൽ, ഇതിനു പിന്നാലെ അപ്രതീക്ഷിതമായി മഞ്ജു തന്റെ നിലപാടിൽ നിന്നു പിന്നോട്ട് പോകുകയായിരുന്നു. ഇതേ തുടർന്ന് മഞ്ജു സേഫ് സോണിലാകുകയും, ഡബ്യുസിസി അംഗങ്ങൾ എല്ലാവരും ഒറ്റപ്പെടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ മഞ്ജു വാര്യർ സർക്കാർ നവോദ്ധാന കേരളം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് വച്ച വനിതാ മതിലിനെതിരെ രംഗത്ത് വന്നത്. ആദ്യം വനിതാ മതിലിനെ പിൻതുണച്ച മഞ്ജു ഇപ്പോൾ വനിതാ മതിലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. മഞ്ജു തള്ളിയ വനിതാ മതിലിൽ കൈ കോർക്കാനാണ് ഇപ്പോൾ ഡബ്യുസിസി അംഗങ്ങൾ എത്തുന്നത്.
നടി മഞ്ജു വാര്യർ വനിതാ മതിലിനെ തള്ളിപ്പറഞ്ഞപ്പോൾ ഡബ്ല്യൂസിസി അംഗങ്ങളായ പാർവ്വതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് ഇപ്പോൾ വനിതാ മതിലിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ജനുവരി 1ന് സംഘടിപ്പിക്കുന്ന വനിതാ മതിലിൽ തങ്ങളുമുണ്ടാകുമെന്നാണ് ഇവരുടെ പ്രഖ്യാപനം. സംസ്ഥാനത്ത് വനിതാ മതിൽ സംഘടിപ്പിക്കുകയാണ്. ലക്ഷങ്ങൾ മതിലിനോട് അണിചേരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സംസ്ഥാനത്തെ കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക-അക്കാദമിക് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ സ്ത്രീകൾ പ്രസ്താവന പുറത്തിറക്കി. കേരളത്തിലെ സ്ത്രീകളോട് വനിത മതിലിനൊപ്പം നിൽക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ളതാണ് സംയുക്ത പ്രസ്താവന.
ഇവരെ കൂടാതെ ഡോ. എം. ലീലാവതി, സി കെ ജാനു, കെ അജിത, പി വത്സല, ബീന പോൾ, ലിഡാ ജേക്കബ് ഐ എ എസ്, പി കെ മേദിനി, മീര വേലായുധൻ, ഭാഗ്യലക്ഷ്മി, സജിതാ മഠത്തിൽ, രജിത മധു, ഡോ. എസ് ശാരദക്കുട്ടി, തനൂജ ഭട്ടതിരി, ബി എം സുഹറ, ഗീത നസീർ, ജമീല പ്രകാശം, ശോഭനാ ജോർജ്ജ്, സി എസ് ചന്ദ്രിക, വി സി ബിന്ദു, ഡോ മെർലിൻ ജെ എൻ, ഡോ.ടി. എൻ. സീമ, ഡോ. ടി കെ ആനന്ദി, ഡോ. പി. എസ് ശ്രീകല, ചിന്ത ജെറോം, പ്രൊഫ. സുജ സൂസൻ ജോർജ്ജ് എന്നിവരടക്കം ചേർന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
ഈ സംയുക്ത പ്രസ്താവനയിൽ ഡബ്യൂസിസി അംഗങ്ങളുടെ പേരുകൾ കൂടി ഉൾപ്പെട്ടതോടെ ഡബ്യുസിസിയും മഞ്ജു വാര്യരും തമ്മിലുള്ള ഭിന്നത ഏറെ വ്യക്തമായി. മഞ്ജുവിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തൽ ഇതോടെ ഉണ്ടാകുമെന്നും ഉറപ്പായിരിക്കുകയാണ്.