ഇരുമുടിക്കെട്ടുമായി ദളിത് നേതാവ് മഞ്ജു പമ്പയിൽ: സുപ്രീംകോടതി ഉത്തരവ് പ്രകാരം തനിക്ക് സുരക്ഷ ഒരുക്കണമെന്ന് പോലീസിനോട് മഞ്ജു; തടയാനുറച്ച് ഭക്തരും
സ്വന്തം ലേഖകൻ
പമ്പ: ശബരിമല ദർശനം തേടി ആറാമത്തെ യുവതിയും പമ്പയിലെത്തി. കേരളാ ദളിത് ഫെഡറേഷൻ നേതാവ് മഞ്ജുവാണ് അയ്യപ്പ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പയിൽ എത്തിയത്. മല കയറാൻ ഒരുങ്ങി പമ്പയിൽ എത്തിയ മഞ്ജു പമ്പാ പൊലീസിന്റെ സഹായം തേടി. താൻ 45 ദിവസം വ്രതം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.
താൻ ആക്ടിവിസ്റ്റോ മാധ്യമ പ്രവർത്തകയോ ഒന്നുമല്ല. യഥാർത്ഥ ഭക്തയാണ് അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരം ഒരുക്കി തരണമെന്നാണ് പമ്പയിൽ എത്തിയ ഇവർ പൊലീസിനോട് ആവശ്യപ്പെട്ടത്. ഇതോടെ ഈ യുവതിക്ക് മല കയറാൻ സുരക്ഷ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു. ഭക്തയായതിനാൽ ഇവർക്ക് മലകയറാൻ കഴിയുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. ശരണം വിളികളുമായി യുവതിയെ തടയാൻ ഉറപ്പിച്ച് ഒരുകൂട്ടം ഭക്തരും സന്നിധാനത്തുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് കൺട്രോൾ റൂമിലുള്ള ഇവരുമായി ഐജി മനോജ് എബ്രഹാം കൂടിക്കാഴ്ച്ച നടത്തുകയാണ്. പൊലീസുമായി നടക്കുന്ന ചർച്ചയിൽ ഇവർ പിന്മാറാൻ തയ്യാറായാൽ പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കി തിരിച്ചു വിടും. ഇല്ലെങ്കിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മല ചവിട്ടാൻ ഇവർക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരും. പമ്പയിൽ യുവതി എത്തിയത് അറിഞ്ഞതോടെ അയ്യപ്പ ഭക്തർ വൻ പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. ഇന്ന് ശനിയാഴ്ചയായതിനാൽ ഭക്തരുടെ വൻ തിരക്കാണ് ശബരിമലയിൽ. യുവതി എത്തിയത് അറിഞ്ഞതോടെ ഇവരെല്ലാവരും പ്രതിഷേധവുമായി ഒത്തുകൂടും. ഇതെല്ലാം മറികടന്ന് മഞ്ജുവിനെ മലമുകളിലെത്തിക്കുക എന്നത് പൊലീസിനെ സംബന്ധിച്ച് വൻ തലവേദനയാകും.