തിട്ടയിടിഞ്ഞ് ആറ്റിൽ വീണ മക്കളെ രക്ഷിക്കാൻ ഒപ്പം ചാടി: മണിമലയാറ്റിൽ യുവാവിനെ കാണാതായി; യുവാവിനെ കാണാതായത് ഭാര്യയും മക്കളും നോക്കി നിൽക്കെ: തിരച്ചിൽ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും

തിട്ടയിടിഞ്ഞ് ആറ്റിൽ വീണ മക്കളെ രക്ഷിക്കാൻ ഒപ്പം ചാടി: മണിമലയാറ്റിൽ യുവാവിനെ കാണാതായി; യുവാവിനെ കാണാതായത് ഭാര്യയും മക്കളും നോക്കി നിൽക്കെ: തിരച്ചിൽ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും

സ്വന്തം ലേഖകൻ

മണിമല: ആറ്റിറമ്പിലെ തിട്ടയിടിഞ്ഞ് വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ആറ്റിൽ ചാടിയ യുവാവിനെ കാണാതായി. മണിമല കരിമ്പനക്കുളം എറത്തേടത്ത് മനോജ് ( 41 ) നെയാണ് മണിമലയാറ്റിൽ വീണ് കാണാതായത്.
വെള്ളാവൂർ – കോട്ടാങ്കൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആശ്രമം കടവിലായിരുന്നു സംഭവം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലം കാണാനായി മനോജും കുട്ടികളും കുടുംബ്്‌ത്തോടൊപ്പം എത്തിയത്. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയും കുട്ടിയും, മനോജിന്റെ ഭാര്യ നൈസും ,മക്കളായ സാൽവിൽ (9) ,സിയായ (5) എന്നിവരുമാണ് മണിമലയാറിന്റെ കടവിലെത്തിയത്. ആശ്രമം കടവിലെ തൂക്കുപാലത്തിൽ കയറിയ ഇവർ പിന്നീട് കടവിലേയ്ക്ക് ഇറങ്ങുകയായിരുന്നു. കടവിലെ മൺതിട്ടയിൽ ഇരിക്കുന്നതിനിടെ തിട്ട ഇടിയുകയും കുട്ടികൾ വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുകയുമായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ മനോജ് ആറ്റിലേയ്ക്ക് എടുത്തു ചാടി. കനത്ത മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നു ഇവിടെ. ഒഴുക്കിനെ തുടർന്ന് മനോജിനെ വെള്ളത്തിൽ വീണ് കാണാതെയാകുകയായിരുന്നുവെന്നാണ് കണ്ടു നിന്ന ബന്ധുക്കൾ പറയുന്നത്. ഭാര്യയും കുട്ടികളും സഹോദരിയും നിലവിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഒഴുക്കിൽപ്പെട്ടു കിടന്ന കുട്ടികളെ കോട്ടാങ്ങൽ കളയാംകുഴിയിൽ വിജയന്റെ മകൻ വിഷ്ണു, വെള്ളാവൂര അഴകത്ത് ശശിധരൻ നായർ എന്നിവർ ആറ്റിൽച്ചാടി രക്ഷപെടുത്തുകയായിരുന്നു. മനോജിനായി ഇരുവരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മുക്കടയിലെ ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചു. തുടർന്ന് പരിശോധന നടത്തി. കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. രാത്രിയിൽ മതിയായ വെളിച്ചമില്ലാതിരുന്നതിനെ തുടർന്ന് അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.