play-sharp-fill
മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവ്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി ഡോക്ടർക്കെതിരെ പൊലീസ് കേസ്

മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവ്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി ഡോക്ടർക്കെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു. ഡോക്ടർമാരുടെ ചികിത്സാ പിഴവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസ് (27) ആണ് മരിച്ചത്. പത്തനംതിട്ട കടപ്ര വില്ലേജിൽ പരുമല മാലിയിൽ രഞ്ചി ജോസഫാണ് മരിച്ച സിനിയുടെ ഭർത്താവ്. ആരോപണം ഉയർന്നതിനെ തുടർന്ന് പോസ്റ്റ്മാർട്ടം ദൃശ്യങ്ങൾ മുഴുവൻ പൊലീസ് വീഡിയോ കാമറയിൽ പകർത്തിയിരുന്നു.
കഴിഞ്ഞ 24 നാണ് സിനിയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മാങ്ങാനം മുണ്ടകപ്പാടം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിനിയെ ആദ്യം മുതൽ തന്നെ കൃത്യമായ പരിചരണം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിനിമോളും, അമ്മയും വീടിനടുത്തു നിന്നു ബസിൽ കയറി മന്ദിരം ആശുപത്രിയ്ക്ക് സമീപം ഇറങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇവർക്കു ബ്രഡ് പ്രഷറിൽ വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞതോടെ പ്രസവം നടക്കാൻ അധികം ദിവസമില്ലെന്ന് കണ്ടെത്തിയ ഡോക്ടർമാർ സിനിയെ ഇവിടെ നിന്നും വിട്ടയച്ചില്ല.
തുടർന്ന് 28 ന് ഉച്ചയ്ക്ക് 12 മണിക്ക് സാധാരണ പ്രസവം നടന്നു. ആൺകുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ, വൈകിട്ട് ആറരയോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. അമിത രക്തസ്രാവത്തെ തുടർന്ന് സിനിയെ രക്ഷിക്കാനിവില്ലെന്ന് അറിയിച്ച ആശുപത്രി അധികൃതർ ഇവരെ അടിയന്തിരമായി മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് നിർദേശിച്ചു. തുടർന്നു മാങ്ങാനം മുണ്ടകപ്പാടത്തെ മന്ദിരം ആശുപത്രിയിൽ നിന്നും കാരിത്താസ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ സിനിമോളെ പ്രവേശിപ്പിച്ചു. 25 കുപ്പി ഓ നെഗറ്റീവ് രക്തമാണ് ഇവരുടെ ശരീരത്തിൽ കയറ്റിയത്. എന്നാൽ, ബുധനാഴ്ച രാവിലെയോടെ നില കൂടുതൽ വഷളാകുകയായിരുന്നു. തുടർന്ന് സിനിമോളുടെ മരണം സംഭവിച്ചു. സിനിമോൾ മരിച്ചതോടെയാണ് ബന്ധുക്കൾ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിനു പരാതി നൽകിയത്. ഈസ്റ്റ് എസ് ഐ  ടി.എസ് റെനീഷ് ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം കേസെടുത്തു.
ബന്ധുക്കൾ പരാതി ഉന്നയിച്ചതിനെ തുടർന്ന് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് മെഡിക്കൽ ബോർഡിലെ പാനലിൽ ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റ് നടപടികളും പൂർണമായി വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ആശുപത്രി അധികൃതർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിക്ക് കുഴിമറ്റം നെല്ലിക്കൽ കവലയ്ക്കു സമീപം കണിയാംപറമ്പിൽ വസതിയിൽ കൊണ്ടു വരുന്നതും 9 മണിക്ക് പരുമലയിലെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടു പോകും.സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ്‌ പള്ളിയിൽ.