
മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ തിരുനാളിന് ഏപ്രിൽ 29 ന് കൊടിയേറും
മണര്‍കാട് : തീർത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഏപ്രിൽ 29നു കൊടിയേറും.
പാറമ്പുഴ തുരുത്തേല്‍ പുത്തന്‍പുരയ്ക്കല്‍ ഷിന്‍റോയുടെ പുരയിടത്തില്‍ നിന്നു കൊണ്ടുവരുന്ന കൊടിമരം പള്ളി അങ്കണത്തില്‍ സ്ഥാപിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
തിരുനാളിനോട് അനുബന്ധിച്ച് മേയ് ഒന്നു മുതല്‍ 12 വരെ പള്ളിയുടെ വടക്ക് വശത്തെ മൈതാനിയില്‍ കാർണിവൽ നടത്തും. കാര്‍ണിവലിന്‍റെ ഭാഗമായി ഒന്നു മുതല്‍ അഞ്ചു വരെ വിവിധ കലാ-സംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും സംഘടിപ്പിക്കും. ഒന്നു മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ അമ്യൂസ്‌മെന്‍റ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചിനു തോമസ് മാര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തായും ആറിനു യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അഞ്ചിനു രാത്രി ഒമ്പതിനും ആറിനു ഉച്ചകഴിഞ്ഞു രണ്ടിനും കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണം.
തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി റവ. ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ടിയാടത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, വര്‍ഗീസ് ഐപ്പ്, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കും.