
മണർകാട് : മണർകാട് കുഴിപ്പുരയിടത്ത് അറുപത്തഞ്ച് വയസുകാരിയെ അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുന്നുംപുറത്ത് മാളിയേക്കല്‍ വീട്ടില്‍ ശാന്തകുമാരി ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടില്‍ സിസിടിവി വയ്ക്കുന്നതു ശാന്തകുമാരി തടയാൻ ശ്രമിച്ചിരുന്നു. പിന്നാലെയാണ് അതേ വീട്ടുമുറ്റത്ത് ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
നട്ടാശേരി സ്വദേശി, നൊങ്ങലില്‍ വാടകയ്ക്കു താമസിക്കുന്ന പൂവത്തിൻകിഴക്കേതില്‍ എബി ജോർജിനെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അയല്‍വാസിയുമായുള്ള തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റതാവാം ശാന്തകുമാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ സംഭവം കൊലപാതകമാണോ എന്ന് കണ്ടെത്താനാകൂ എന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രണ്ട് മണിയോടെയാണ് ശാന്തകുമാരിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. പോലീസ് കസ്റ്റഡിയിലെടുത്ത എബിയുടെ ഭാര്യവീടിന്റെ മുറ്റത്താണു പ്രത്യേക പോസ്റ്റിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ പണികള്‍ നടക്കുന്നതിനിടെ ശാന്തകുമാരിയും മകള്‍ അനശ്വരയും കൊച്ചുമകളുമെത്തി തടസം നിന്നു. തങ്ങളുടെ വീട്ടിലെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുമെന്നായിരുന്നു ഇവരുടെ ആരോപണം. തുടർന്ന് ഇരുവിഭാഗവും തമ്മില്‍ തർക്കമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന മുളകുപൊടി ഇവർ എബിയുടെ നേർക്ക് എറിയുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുകുടുംബങ്ങളും തമ്മില്‍ വഴിയടക്കമുള്ള വിഷയങ്ങളില്‍ നിലനിന്നിരുന്ന തർക്കവും വഴക്കിന് ഇടയാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടർന്നുണ്ടായ കയ്യാങ്കളിയില്‍ ശാന്തകുമാരിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സമീപവാസിയുടെ മൊഴി പ്രകാരം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണർകാട് പോലീസാണ് ശാന്തകുമാരിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് 4 മണിക്ക്. മക്കള്‍: അനശ്വര, അഭിനു. മരുമകൻ: പ്രദീപ്



