മണർകാട്ട് റോഡിലും വൻ അഴിമതി: പഞ്ചായത്ത് ടാർ ചെയ്ത റോഡ് ഒരു വർഷത്തിനകം തകർന്നു; അന്വേഷണവുമായി വിജിലൻസ്; മണർകാട്ടെ റോഡിൽ പരിശോധന നടത്തി

മണർകാട്ട് റോഡിലും വൻ അഴിമതി: പഞ്ചായത്ത് ടാർ ചെയ്ത റോഡ് ഒരു വർഷത്തിനകം തകർന്നു; അന്വേഷണവുമായി വിജിലൻസ്; മണർകാട്ടെ റോഡിൽ പരിശോധന നടത്തി

Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് ഒരു വർഷത്തിനുള്ളിൽ തകർന്ന് തരിപ്പണമായ സംഭവത്തിൽ മണർകാട് പഞ്ചായത്ത് പ്രതിക്കൂട്ടിൽ. മണർകാട് ജംഗ്ഷനിലെ അപ്രോച്ച് റോഡാണ് തകർന്നത്. ഇതേ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വരികയും, നാട്ടുകാർ വിജിലൻസിനോടു ഫോണിൽ പരാതി പറയുകയും ചെയ്തതോടെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്.
മണർകാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഈ അ്‌പ്രോച്ച് റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. എന്നാൽ, രണ്ടു ദിവസം ഈ വഴിയിലൂടെ വാഹനങ്ങൾ കടത്തി വിട്ടതോടെ റോഡ് പൂർണമായും തകർന്നു. ഇതേ തുടർന്നാണ് നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയത്.
തുടർന്ന് വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയുമായി രംഗത്ത് എത്തുകയായിരുന്നു.  തിങ്കളാഴ്ച റോഡ് സന്ദർശിച്ച വിജിലൻസ് സംഘം പ്രാഥമിക പരിശോധന നടത്തി. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ് സൂചന ലഭിക്കുന്നത്. ഇതേ തുടർന്ന വിജിലൻസ് സംഘം റോഡിന്റെ സാമ്പിളുകൾ അടുത്ത ദിവസം ശേഖരിക്കുന്നതിനായി വീണ്ടും എത്തിയേക്കും.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡാണ് ഇത്. ജില്ലയിലെ നിരവധി റോഡുകളുടെ നിർമ്മാണത്തിൽ ക്രമക്കേട് ഉള്ളതായി കഴിഞ്ഞ ആഴ്ച വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഈ റോഡുകളുടെ സാമ്പിൾ ശേഖരിച്ചുള്ള പരിശോധന നടത്തി വരികയാണ്. ഇതിനിടെയാണ് ഇപ്പോൾ മണർകാട് പഞ്ചായത്ത് നിർമ്മിച്ച റോഡും ക്രമക്കേടിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.