play-sharp-fill
കോട്ടയം മണർകാട് കത്തീഡ്രലിൽ റാസ നാളെ; ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര: പ്രസിദ്ധമായ നടതുറക്കൽ ശനിയാഴ്ച

കോട്ടയം മണർകാട് കത്തീഡ്രലിൽ റാസ നാളെ; ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര: പ്രസിദ്ധമായ നടതുറക്കൽ ശനിയാഴ്ച

കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിർഭരവും വർണാഭവുമായ റാസ നാളെ (വെള്ളി) നടക്കും.

ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് കത്തീഡ്രലിലെ റാസയിൽ പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊൻ-വെള്ളിക്കുരിശുകളും കൊടികളും വെട്ടുക്കുടകളുമായി വിശ്വാസസഹസ്രങ്ങൾ അണിചേരും. ഉച്ചനമസ്കാരത്തെ തുടർന്ന് 12 മണിക്ക്
മുത്തുക്കുടകൾ വിതരണം ആരംഭിക്കും.


ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദികർ പ്രാർഥനകൾക്ക് ശേഷം പള്ളിയിൽനിന്ന് ഇറങ്ങി കൽക്കുരിശിലെ ധൂപപ്രാർഥനയ്ക്ക് ശേഷം റാസയിൽ അണിചേരും. കണിയാംകുന്ന്, മണർകാട് കവല എന്നിവിടങ്ങളിലെ കുരിശിൻ തൊട്ടികളും കരോട്ടെ പള്ളിയും ചുറ്റി മൂന്നര കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് തിരികെ വലിയപള്ളിയിലെത്തുക. കുരിശുപള്ളികളിലും കരോട്ടെ പള്ളിയിലും പ്രത്യേക ധൂപപ്രാർഥനയും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴിന് (ശനി )രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെത്തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിൽ നടതുറക്കൽ ശുശ്രൂഷ. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കൽ ശുശ്രൂഷ.

തുടർന്ന് കറിനേർച്ചയ്ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. 8.45ന് ആകാശവിസ്മയം. 10ന് പരിചമുട്ടുകളി, മാർഗം കളി. രാത്രി 12ന് ശേഷം കറിനേർച്ച വിതരണം. പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തയും കൊച്ചിഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവ്വാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും. സ്ലീബാ പെരുന്നാൾ ദിനമായ 14ന് വൈകിട്ട് അ‍ഞ്ചിന് സന്ധ്യാപ്രാർഥനയോടെ നടയടയ്ക്കും.