
പത്തിരിപ്പാല: പുതുവർഷ രാത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. 31ന് രാത്രി പത്തരയോടെ പത്തിരിപ്പാല ചന്തയിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നത്.
അകലൂർ ആലംതട്ടപ്പടി പരേതനായ ഉണ്ണിക്കൃഷ്ണന്റെ മകൻ കൃഷ്ണപ്രസാദിന്റെ (24) ഇടതു കണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം സമീപത്തുണ്ടായിരുന്ന കൃഷ്ണപ്രസാദിന്റെ സുഹൃത്തുക്കളായ ഷമീർ, അബ്ദുല്ല എന്നിവരുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നെന്നു പരുക്കേറ്റ യുവാവ് പറഞ്ഞു.
പ്രശ്നം പരിഹരിക്കാനെത്തിയ കൃഷ്ണപ്രസാദിനു നേരെ അക്രമികൾ തിരിയുകയായിരുന്നു. മർദനത്തിനിടെ പ്രതികളിൽ ഒരാൾ ബൈക്കിന്റെ താക്കോലുപയോഗിച്ച് കണ്ണിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. ഇടതു കണ്ണിനു സാരമായി പരുക്കേറ്റതിനെ തുടർന്ന് ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കണ്ണാശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ യുവാവിന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന സ്ഥിതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയലക്കിടി സ്വദേശി മൻസൂർ (24), 14ാം മൈൽ സ്വദേശി ഗോകുൽദാസ് (26), അകലൂർ സ്വദേശി യൂസഫലി (24) എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.
കന്നുകാലികളുമായി പോകുന്ന വണ്ടിയിലെ സഹായിയായി ജോലി ചെയ്തുവരികയാണ് കാഴ്ച നഷ്ടപ്പെട്ട യുവാവ്. എസ്സി എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.







