ഗവര്‍ണര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്നുള്ള പരിരക്ഷ പീഡനക്കേസില്‍ കിട്ടില്ലെന്ന് മമതാബാനര്‍ജി; ആനന്ദബോസിനെതിരായ നടപടികള്‍ കടുപ്പിക്കാൻ നിർദ്ദേശം; രാജ്ഭവനില്‍ അന്വേഷണത്തിനും തെളിവു ശേഖരണത്തിനും വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ; നടക്കുന്നത് മമതയുടെ വിലകുറഞ്ഞ രാഷ്ട്രീയമെന്ന് ആനന്ദബോസ്; ആനന്ദബോസിലൂടെ മമത ഉന്നമിടുന്നത് എന്ത്….?

Spread the love

ഡല്‍ഹി: ബംഗാള്‍ ഗവർണർ മലയാളിയായ സി.വി ആനന്ദബോസിനെതിരായ ലൈംഗികാരോപണ കേസിലെ പോലീസ് അന്വേഷണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബംഗാള്‍ സർക്കാർ.

ഗവർണർക്ക് ക്രിമിനല്‍ നടപടികളില്‍ നിന്നുള്ള പരിരക്ഷ ചൂണ്ടിക്കാട്ടി തനിക്ക് കേസിലെ നടപടിക്രമങ്ങള്‍ ബാധകമല്ലെന്നാണ് ആനന്ദബോസ് വാദിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവൻ ജീവനക്കാർക്ക്ഗവർണർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഭരണഘടനയുടെ 361(2), (3) വകുപ്പുകള്‍ പ്രകാരം ഗവർണർക്കുള്ള പരിരക്ഷ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന കാര്യങ്ങളില്‍ മാത്രമാണെന്നും (ഒഫിഷ്യല്‍ കപ്പാസിറ്റിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്) ഇത്തരം സ്വകാര്യ കാര്യങ്ങള്‍ക്ക് പരിരക്ഷ കിട്ടില്ലെന്നുമാണ് ബംഗാള്‍ സർക്കാർ പറയുന്നത്. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച്‌ നടപടികള്‍ കടുപ്പിക്കുകയാണ് സംസ്ഥാന സർക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ കേരളത്തിലുള്ള ആനന്ദബോസ് ബംഗാളില്‍ മടങ്ങിയെത്തിയാലുടൻ അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുക്കാനും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനുമൊക്കെ ബംഗാള്‍ പോലീസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി പരാതിക്കാരിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നടക്കം നടപടികളിലേക്ക് പോലീസ് നീങ്ങുന്നതായാണ് സൂചന.

എന്നാല്‍ തനിക്ക് ഭരണഘടനാ പരമായ പരിരക്ഷയുള്ളതിനാല്‍ പൊലീസിന് അന്വേഷണവും തെളിവു ശേഖരിക്കലും നടത്താനാകില്ലെന്നും കോടതിയില്‍ ക്രിമിനല്‍ നടപടിയെടുക്കാനുമാകില്ലെന്നുമാണ് ആനന്ദബോസ് പറയുന്നത്. ബംഗാള്‍ പോലീസിന്റെയും സർക്കാരിന്റെയും നടപടി ഭരണഘടനയെ അവഹേളിക്കലാണെന്നും, തന്റെ പരിരക്ഷ അവഗണിച്ചുള്ള പൊലീസ് അന്വേഷണം അനാവശ്യമാണെന്നും ഗവർണർ പറയുന്നുണ്ട്. ഇത് വകവയ്ക്കാതെ മുന്നോട്ടു പോവാനാണ് പോലീസിന് മുഖ്യമന്ത്രി മമതാ ബാനർജി നല്‍കിയിട്ടുള്ള നിർദ്ദേശം.

കേസിനോട് ഗവർണറുടെയും രാജ്ഭവന്റെയും നിസഹകരണം രാഷ്‌ട്രപതിയെ അറിയിക്കാനൊരുങ്ങുകയാണ് മമതാ ബാനർജി സർക്കാർ. പരാതി സംബന്ധിച്ച്‌ പൊലീസ് രാജ്ഭവൻ ജീവനക്കാരെ ചോദ്യം ചെയ്യാനും സി.സിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും ഒരുങ്ങിയപ്പോഴാണ് നിസഹകരിക്കാൻ ഗവർണർ നിർദ്ദേശിച്ചത്.