ആഘോഷമില്ല ആചാരങ്ങൾ മാത്രം; പകിട്ട് കുറച്ച് മള്ളിയൂരിലെ ആഘോഷങ്ങൾ
സ്വന്തം ലേഖകൻ
മള്ളിയൂർ: പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്കായി ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനകളോടെ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം ഏഴിനു കൊടിയേറും. 13ന് ആണ് വിനായക ചതുർഥി. 14 ന് ആറാട്ട്. കേരളം നേരിട്ട പ്രളയ ദുരിത-ദുഖങ്ങളെല്ലാം മൂലം ചതുർഥിയോടനുബന്ധിച്ച് നടത്തിവന്നിരുന്ന കലാസാംസ്‌കാരിക പരിപാടികളെല്ലാം മാറ്റി വെച്ചു. അതിനുവരുന്ന ചിലവ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ക്ഷേത്രം ട്രസ്റ്റി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും മള്ളിയൂർ ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. ഉത്സവ ദിവസങ്ങളിൽ ഉത്സവബലി, കാഴ്ച്ചശ്രീബലി അടങ്ങുന്ന ക്ഷേത്ര ചടങ്ങുകൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളു. ചതുർഥി ദിവസം ഗജവീരന്മാരുടെ എണ്ണം കുറച്ചൊതൊഴിച്ച് അന്നത്തെ ദിവസത്തെ മാത്രം ചടങ്ങുകൾക്ക് മാറ്റങ്ങളില്ല. 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമവും, പ്രത്യക്ഷ ഗണപതിയ്ക്കുള്ള ഗജപൂജയും, ആനയൂട്ടും മറ്റ് ചടങ്ങുകളെല്ലാം ഉണ്ടാകും. ഏഴാം തീയതി രാവിലെ 10.30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. 13ന് ആനയൂട്ടിനും ഗജപൂജയ്ക്കും ഗുരുവായൂർ വലിയ കേശവൻ, പാറമേക്കവ് ശ്രീ പത്മനാഭൻ, ഭാരത് വിനോദ്, മധുരപ്പുറം കണ്ണൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, ചെറായി പരമേശ്വരൻ, മാവേലിക്കര ഗണപതി, ചൂരൂർമഠം രാജശേഖരൻ, ഭാരത് വിശ്വനാഥൻ എന്നീ ഗജവീരന്മാരാണ് അണിനിരക്കുന്നത്.വിഘ്‌നേശ്വരനെ പ്രീതിപ്പെടുത്തുവാനും പ്രകൃതിയെ ശാന്തമാക്കുവാനും ശുദ്ധീകരിക്കുവാനും വേണ്ടി നടത്തുന്ന ഇക്കൊല്ലത്തെ മഹാഗണപതിഹോമത്തിൽ പങ്കെടുക്കുന്നത് ഭക്തർക്ക് അതിവിശേഷമാണ്.
ചതുർഥി ദിവസം രാവിലെ കാഴ്ചശ്രീബലിയോടനുബന്ധിച്ച് പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളവും, വൈകുന്നേരം വലിയവിളക്കിനോടനുബന്ധിച്ച് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പാണ്ടിമേളവും ഉണ്ടായിരിക്കുന്നതാണ്.