ദുരിതാശ്വാസ കിറ്റുകൾ തട്ടാൻ സിപിഎം നേതാക്കളുടെ ശ്രമം, വില്ലേജ് ഓഫീസർ ഇരട്ടപൂട്ടിട്ടു
സ്വന്തം ലേഖകൻ
എറണാകുളം: പ്രളയ ബാധിതർക്ക് സർക്കാർ നൽകുന്ന കിറ്റുകൾ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കൾ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതിപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. ദുരിതാശ്വാസ കിറ്റുകൾ സിപിഎമ്മുകാർ തട്ടിയെടുത്ത് പാർട്ടി പ്രവർത്തകർക്ക് വിതരണം ചെയ്യുന്നതായി സംസ്ഥാന വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി മറ്റൊരു പൂട്ടിട്ട് ഗോഡൗൺ പൂട്ടി താക്കോൽ അദ്ദേഹത്തിന്റെ കൈവശം വെച്ചു. എറണാകുളം വടുതലയിലായിരുന്നു സംഭവം. പൊലീസിന്റെ നിർദേശപ്രകാരമാണ് പുതിയ പൂട്ടിട്ട് പൂട്ടിയത്. മത സ്ഥാപനങ്ങളിലും, സ്‌കൂളുകളിലും കിറ്റുകൾ സൂക്ഷിക്കരുത് എന്ന നിർദേശം ഉണ്ടായതിനെ തുടർന്നാണ് കടമുറിയിൽ കിറ്റുകൾ സൂക്ഷിച്ചതെന്ന് ചേരാനല്ലൂർ വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ കടമുറി ഷട്ടറിട്ട് പൂട്ടിയതിന് ശേഷം ഇതിന്റെ താക്കോൽ സിപിഎം കൗൺസിലറും ലോക്കൽ കമ്മിറ്റി ഭാരവാഹികളും കൈവശം വയ്ക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. നാട്ടുകാരുടെ പ്രതിഷേധത്തിന്റെ സമയത്ത് കാക്കനാടായിരുന്നു വില്ലേജ് ഓഫീസർ ഷിനോജ്. പൊലീസ് വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തി. താക്കോൽ തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞുവെങ്കിലും പുതിയ പൂട്ടിട്ട് പൂട്ടണമെന്ന് പൊലീസ് നിർദേശിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group