മാളികപ്പുറമാകാൻ കാത്തിരിക്കാം..! സുപ്രീം കോടതിയിൽ ശബരിമല വിധി വരാനിരിക്കെ അയ്യപ്പ ഭക്തി ഗാനവുമായി ദുർഗാ വിശ്വനാഥ്; അയ്യപ്പഭക്തരായ മാളികപ്പുറങ്ങളുടെ മനസറിഞ്ഞ ഭക്തിഗാനം മകരവിളക്കിന് അർച്ചനയാകുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിലെ സുപ്രീം കോടതി വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അയ്യപ്പഭക്തരായ യുവതികളുടെ മനസറിഞ്ഞ പാട്ടുമായി ഗായിക ദുർഗാവിശ്വനാഥും സംഘവും. “കാത്തിരിക്കാം അയ്യപ്പ ” എന്ന ഭക്തി സംഗീത ആൽബവുമായാണ് ദുർഗയും സംഘവും രംഗത്ത് എത്തിയിരിക്കുന്നത്. ഭക്തിഗാനത്തിന്റെ റിലീസ് ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് നടന്നു
ചാന്ദിനി ഹരി നായരാണ് ആൽബത്തിന്റെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ആൽബത്തിലെ പാട്ടുകൾക്കു സംഗീതം നൽകിയിരിക്കുന്നതും, പാടിയിരിക്കുന്നതും ഗായിക ദുർഗാവിശ്വനാഥ് തന്നെയാണ്. ശൈലേഷ് നാരായണനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ റെക്കോർഡ് ചെയ്യുകയും, മിക്‌സ് ചെയ്യുകയും ചെയ്തിരിക്കുന്നത് സനു ഗോപിനാഥാണ്. ഡ്രീംസ് ലാബിന്റെ ക്യാമറയും, നിഖിൽ മറ്റത്തിൽ മഠം എഡിറ്റിംങും നിർവഹിച്ചിരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല അയ്യപ്പന്റെ ഭക്തരായ വനിതകളെ ലക്ഷ്യമിട്ടാണ് ദുർഗയും സംഘവും ഭക്തിഗാനം തയ്യാറാക്കിയിരിക്കുന്നത്. ഈ ഗാനത്തിലൂടെ അൻപത് വയസു വരെ തങ്ങൾ കാത്തിരിക്കാൻ തയ്യാറാണെന്നു വ്യക്തമാക്കുകയാണ് ഗായികയും സംഘവും. മലയാളികളായ അയ്യപ്പഭക്തരായ യുവതികളുടെ മനസറിഞ്ഞുള്ള പാട്ടിന് വൻ സ്വീകാര്യത തന്നെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ദുർഗയും സംഘവും.
നടിയും സിനിമാ സീരിയൽ താരവുമായ സരയു മോഹനാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി ഭക്തിഗാനം റിലീസ് ചെയ്തത്. അയ്യപ്പഭക്തരായ യുവതികളുടെ മനസറിഞ്ഞ പാട്ടുകേൾക്കാൻ കാത്തിരിക്കുകയാണ് മലയാളികളായ അയ്യപ്പഭക്തരെല്ലാം.