
ചോര്‍ന്നൊലിച്ച് ഇടിഞ്ഞ് വീഴാറായ നിലയില്‍… പഞ്ചായത്തിന് തീവെച്ച മുജീബിന്റെ വീട്; വീട് വെയ്ക്കാൻ അപേക്ഷയുമായി പലവട്ടം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും അനുകൂല ഉത്തരവുണ്ടായില്ല; ഒടുവിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടത് ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച്; ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു; ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമവും….!
സ്വന്തം ലേഖിക
മലപ്പുറം: കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്ഥ അതിദയനീയം.
കീഴാറ്റൂര്‍ എട്ടാം വാര്‍ഡില്‍ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബ് താമസിക്കുന്നത്. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ള, ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടിലാണ് മുജീബ് വര്‍ഷങ്ങളായി താമസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വീടിന് വേണ്ടി, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാൻ വര്‍ഷങ്ങളായി ഇയാള്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.
രണ്ട് മുറി മാത്രമാണ് ഈ വീട്ടിലുള്ളത്. മഴ പെയ്യുമ്പോള്‍ ചോരാതിരിക്കാൻ വീടിനുള്ളില്‍ വലിയൊരു കുട നിവര്‍ത്തി വച്ചിട്ടുണ്ട് മുജീബ്. ഒരു വീട് എന്നുള്ളതാണ് മുജീബിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന് വേണ്ടിയാണ് ഇയാള്‍ വര്‍ഷങ്ങളായി ഓഫീസ് കയറിയിറങ്ങിയത്.
എന്നിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇയാള്‍ ഇത്തരമൊരു കടുംകൈക്ക് മുതിര്‍ന്നത്. ഇതിലും പരിതാപകരമായ ഒരു വീട് ഈ പഞ്ചായത്തില്‍ വേറെയില്ല എന്നാണ് നാട്ടുകാരിലൊരാളുടെ വാക്കുകള്‍. മൂന്ന് സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്.
ഇന്ന് ഉച്ചയോടെയാണ് മുജീബ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിലെത്തി തീയിട്ടത്. സംഭവത്തില്‍ ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും കത്തി നശിച്ചിട്ടുണ്ട്. ആളപായമില്ല. പെട്രോളൊഴിച്ച് ഇയാള്‍ തീ കൊളുത്തുകയായിരുന്നു.
നിരവധി തവണ അപേക്ഷിച്ചിട്ടും തന്റെ പേര് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശയിലാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടതെന്ന് മുജീബ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ രാഷ്ട്രീയ ആരോപണവും ഉയരുന്നുണ്ട്. യുഡിഎഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. സംഭവത്തില്‍ പഞ്ചായത്താണ് ഉത്തരവാദിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
മൂന്ന് വര്‍ഷമായി ലൈഫ് പദ്ധതിക്ക് വേണ്ടി ഇയാള്‍ പഞ്ചായത്തില്‍ കയറിയിറങ്ങുന്നു. ലൈഫ് പദ്ധതിക്ക് അര്‍ഹനായ വ്യക്തിയാണ്. വീട് ലഭിക്കാത്തതിന്റെ നിരാശയിലാണ് ഇയാള്‍ ഇത്തരമൊരു കടുംകൈ ചെയ്തതെന്നും പ്രതിപക്ഷം പറഞ്ഞു.