മലപ്പുറത്ത് യുവാവിനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമം
സ്വന്തം ലേഖകൻ
വെളിയങ്കോട്: വെളിയങ്കോട് ചങ്ങാടം റോഡില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമിസംഘം വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
വെളിയങ്കോട് പുന്നപ്പയില്‍ ആസിഫിന് (33) നേരെയാണ് വധശ്രമമുണ്ടായത്. വയറിന് കുത്തും, വലതുകൈക്ക് വെട്ടുമേറ്റ ആസിഫ് ഗുരുതരപരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
48 സ്റ്റിച്ചിട്ടാണ് വയറിലെ മുറിവ് തുന്നിക്കെട്ടിയത്. ആക്രമണം തടയാന്‍ ശ്രമിച്ച ആസിഫിന്റെ മാതാവ് ഖദീജ (53), പിതാവ് ഹംസ (58), സഹോദരന്‍ ഹാരിസ് (29) എന്നിവര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിലെത്തിയ അക്രമിസംഘം ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും, ആസിഫിനെ കുത്തുകയുമായിരുന്നു. കാറിലെത്തിയ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിന് നേതൃത്വം നല്‍കിയ വെളിയങ്കോട് ബീവിപ്പടി ചക്കരമാക്കയില്‍ റോഡ് വടക്കേപുതുവീട്ടില്‍ ജംഷീറിനെ (33) പൊലീസ് പിടികൂടി.
ഞായറാഴ്‌ച വെളിയങ്കോട്ട് നടന്ന വിവാഹചടങ്ങില്‍ ആസിഫിന്റെ സഹോദരനുമായി ജംഷീറും സംഘവും വാക്കേറ്റവും കൈയാങ്കളിയുമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ജംഷീറും സംഘവും വീട് കയറി ആക്രമിച്ചത്. അക്രമികളെത്തിയ വാഹനം രോഷാകുലരായ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു.
നിരോധിത പുകയില ഉത്‌പന്നങ്ങള്‍ കേരളത്തിക്കുന്നവരില്‍ പ്രധാന കണ്ണിയാണ് പിടിയിലായ ജംഷീറെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തു.ജംഷീറിനെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതായി പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.