
മലമുകളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നെഞ്ചിലും തലയ്ക്ക് പിന്നിലും വെടിയേറ്റ മുറിവുകള്‍; കൊലപാതകമെന്ന് സംശയം
സ്വന്തം ലേഖിക
മലപ്പുറം: എടവണ്ണയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എടവണ്ണ സ്വദേശി റിദാന്‍ ബാസില്‍ (28) എന്ന യുവാവിനെ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിദാന്റെ തലയ്ക്ക് പിന്നിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുണ്ട്. റിദാന്റെ ശരീരത്തില്‍ വെടിയേറ്റ മുറിവുകളാണുള്ളതെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. വെള്ളിയാഴ്‌ച രാത്രി റിദാനെ കാണാതായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മലയുടെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെയെങ്ങനെയാണ് റിദാന്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
റിദാന്‍ മുന്‍പ് ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടത്ത് അടക്കം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വിരലടയാള വിദഗ്ദരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.