റോഡരികിലെ പച്ചക്കറി കച്ചവടത്തിന് വൈകാതെ പിടിവീഴും; കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്
സ്വന്തം ലേഖിക
പാലക്കാട്: റോഡരികിലുള്ള പച്ചക്കറി കച്ചവടത്തിന് തടയിടാനൊരുങ്ങി പൊലീസ്.
പാലക്കാട് മേലാമുറി ജംഗ്ഷന്‍ മുതല്‍ മേഴ്സി ജംഗ്ഷന്‍ വരെ റോഡരികില്‍ വാഹനങ്ങള്‍ നിറുത്തി പച്ചക്കറി കയറ്റിറക്കവും കച്ചവടവും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് അറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ചെ മൂന്നിനാരംഭിച്ച് രാവിലെ പത്തുവരെ നീളുന്ന പച്ചക്കറി ലേലം വിളിയും കച്ചവടവും പൊതുഗതാഗതത്തെ ബാധിച്ചതോടെയാണ് നടപടി.
കച്ചവടം കാരണം വലിയ ഗതാഗതക്കുരുക്കും തിരക്കും പതിവായതാണ് പൊലീസ് നടപടിയിലേക്കെത്തി നില്‍കുന്നത്. രാവിലെ ഈ റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസ് സര്‍വീസ് അടക്കം പച്ചക്കറി വ്യാപാരം കാരണം തടസപ്പെടുന്നതായാണ് വിവരം.
കാല്‍നട യാത്ര പോലും സാദ്ധ്യമല്ലാത്ത രീതിയിലാണ് ചരക്കുവാഹനങ്ങള്‍ നിറുത്തി സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു.
കൊവിഡ് കാലത്ത് പച്ചക്കറി മാര്‍ക്കറ്റിലെ തിരക്ക് ഒഴിവാക്കാനാണ് ഈ ഭാഗത്ത് കച്ചവടത്തിന് അനുമതി നല്‍കിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറിയിട്ടും റോഡരികില്‍ കച്ചവടം തുടര്‍ന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പച്ചക്കറി വ്യാപാരികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഗതാഗതം തടസപ്പെടുത്തുന്ന റോഡരികിലെ കച്ചവടം മാറ്റണമെന്ന് യോഗത്തില്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് വ്യാപാരികളില്‍ നിന്ന് അനുകൂല നിലപാടുണ്ടായതായി പൊലീസ് അറിയിച്ചു.