ലഹരിക്ക് അടിമയായ യുവാവ് സഹോദരനെ കുത്തികൊന്നു
സ്വന്തം ലേഖകൻ
മലപ്പുറം: പാലക്കാട് ജില്ലാ അതിർത്തിയിൽ നടുവട്ടത്ത് ഒൻപത് വയസുകാരനെ ലഹരിക്ക് അടിമയായ സഹോദരൻ കുത്തിക്കൊന്നു. സഹോദരൻ നബീൽ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊപ്പം നടുവട്ടം കൂർക്ക പറമ്പ് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇബ്രാഹീമാണ് കുത്തേറ്റ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. കുട്ടിയുടെ അനുജൻ ഏഴു വയസുകാരനയ അഹമ്മദിനും കത്തിക്കുത്തിൽ പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളുമായുള്ള വഴക്കിനിടയിൽ മൂത്ത മകൻ നബീൽ ഇബ്രാഹീമാണ് കുട്ടികളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജൻ അഹമ്മദിനേയും ഉടൻ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരൻ നബീലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കോയമ്പത്തൂരിൽ മൈക്രോ ബയോളജി വിദ്യാർത്ഥിയായ പ്രതി നബീൽ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group