play-sharp-fill
പദ്ധതി നടത്തിപ്പിന് കാശില്ല ; ബസ്സ്റ്റാൻഡ് അഞ്ച് കോടിയ്ക്ക് സഹകരണബാങ്കിൽ പണയം വച്ച് നഗരസഭ

പദ്ധതി നടത്തിപ്പിന് കാശില്ല ; ബസ്സ്റ്റാൻഡ് അഞ്ച് കോടിയ്ക്ക് സഹകരണബാങ്കിൽ പണയം വച്ച് നഗരസഭ

 

സ്വന്തം ലേഖിക

മലപ്പുറം: വിവിധ പദ്ധതികൾ നടപ്പിലാക്കാൻ പണമില്ലാത്തതിനാൽ അഞ്ചുകോടിക്ക് ബസ്സ്റ്റാൻഡ് പണയംവെക്കാനൊരുങ്ങി മലപ്പുറം നഗരസഭ. മലപ്പുറം സർവീസ് സഹകരണബാങ്കിലാണ് പണയംവെക്കുക. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയിൽ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്താനാണ് ഈ നീക്കം.

നഗരസഭാ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാൻഡ് പണയംവെക്കാൻ തീരുമാനിച്ചത്. കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സർവീസ് സഹകരണബാങ്കിനു നൽകുന്നത്. 332 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം പൂവണിയാൻ നഗരസഭയ്ക്കു മുൻപിൽ ഇതുമാത്രമായിരുന്നു മാർഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കുമുൻപിലുണ്ട്. ഇതിനായി 4.98 കോടി ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിലില്ലാത്തതുകൊണ്ടാണ് പണയം വെക്കാനുള്ള തീരുമാനമെന്ന് അധികൃതർ പറയുന്നു.

75 കോടിയിലധികം മൂല്യമുണ്ട് സ്റ്റാൻഡിന്. 20 വർഷം കാലാവധിയുള്ള വായ്പയ്ക്ക് അഞ്ചുകോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പ അടവിനായി പദ്ധതിവിഹിതത്തിൽ പണം കുറയ്ക്കും. മലപ്പുറം കോട്ടപ്പടി മാർക്കറ്റ് നവീകരിച്ചതിനുശേഷം ലഭിക്കുന്ന കടകളുടെ മുൻകൂർ തുകയും ബാങ്ക് അടവിലേക്ക് നൽകും.

അതേസമയം, മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡ് മുസ്ലിംലീഗിന്റെതന്നെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കിന് പണയപ്പെടുത്തുന്നതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.