മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടെത്തി വയോധികയുടെ മാല പൊട്ടിച്ചു രക്ഷപെട്ടു; നഗരമധ്യത്തിലെ വീട്ടിൽ നിന്നും പട്ടാപ്പകൽ വയോധികയുടെ മാല മോഷ്ടിച്ചെടുത്തു രക്ഷപെട്ട പ്രതികൾ പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലെ ഇടവഴിയിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ട ശേഷം വയോധികയുടെ മാല മോഷ്ടിച്ചെടുത്തു ഓടിരക്ഷപെട്ട സംഘത്തെ മണിക്കൂറുകൾക്കകം കൺട്രോൾ റൂം പൊലീസ് സംഘം പിടികൂടി. കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ വയോധിക മാത്രം തനിച്ചു താമസിക്കുന്ന വീട്ടിലാണ് ഞായറാഴ്ച രാവിലെ എത്തിയ അക്രമി സംഘം മാലയും പൊട്ടിച്ചെടുത്തു കടന്നത്.
സംഭവത്തിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദനൻ (49) എന്നിവരെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മോഷ്ടിച്ചെടുത്ത നാലരപ്പവൻ സ്വർണ്ണമാലയും പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ജനാർദനനനും അനീഷും സാധാരണ ദിവസങ്ങളിൽ കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് പതിവ്. ഭിക്ഷയെടുത്തോ, ആക്രി സാധനങ്ങൾ മോഷ്ടിച്ചു വിറ്റോ കണ്ടെത്തുന്ന പണം മദ്യപിക്കുന്നതിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ പണം ലഭിക്കാതെ വന്നതോടെ പ്രതികൾ ഞായറാഴ്ച മോഷണം നടത്താനുള്ള ലക്ഷ്യത്തോടെ രംഗത്തിറങ്ങുകയായിരുന്നു.
തുടർന്നു, മാമ്മൻ മാപ്പിള ഹാൾ ഭാഗത്തു നിന്നും മാർക്കറ്റിനുള്ളിലേയ്ക്കുള്ള ഇടവഴിയിലൂടെ ഇവർ നടക്കുകയായിരുന്നു. തുടർന്നു, പ്രദേശത്തെ ആളൊഴിഞ്ഞ വീട് കണ്ടെത്തിയ ശേഷം വയോധികയോട് സഹായം ആവശ്യപ്പെട്ടു. ഇവർ, പണം നൽകിയ ശേഷം പ്രതികൾക്കു വെള്ളവും ചായയും നൽകി. ഇതിനിടെ ഇവർ വയോധികയുടെ മാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു.
വിവരം അറിഞ്ഞതോടെ കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തി. നഗരത്തിലും മാർക്കറ്റിലും പ്രദേശത്തു പരിശോധന നടത്തിയ കൺട്രോൾ റൂം എ.എസ്.ഐ ഐ.സജികുമാർ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ രണ്ടു പേരെയും പിടികൂടുകയായിരുന്നു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ അനിൽ, എ.എസ്.ഐ സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ നവീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.