എനിക്ക് വിദേശത്ത് എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക് പോകണം; മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയതിന് പിണങ്ങി വിദേശത്തേക്ക് പോകാൻ 11കാരി വിമാനത്താവളത്തിലെത്തി ആവശ്യപ്പെട്ടത് ഇങ്ങനെ : പെൺകുട്ടി എത്തിയത് പാസ്‌പോർട്ടില്ലാതെ
സ്വന്തം ലേഖകൻ
മാള : ”എനിക്കു വിദേശത്തേക്കു പോകണം. എന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തേക്ക്” അമിത ഫോൺ ഉപയോഗത്തെ തുടർന്ന് മാതാപിതാക്കൾ ഫോൺ അലമാരയിൽ വച്ച് പൂട്ടിയപ്പോൾ വിമാനത്താവളത്തിലെത്തി 11 വയസ്സുകാരി ആവശ്യപ്പെട്ടത് ഇങ്ങനെയാണ്.
തുടർന്ന് ഉദ്യോഗസ്ഥർ പാസ്‌പോർട്ട് ചോദിപ്പോൾ ഇല്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.ഇതോടെ സംഭവം എയർപോർട്ട് പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി പിണങ്ങിയിറങ്ങിയതാണെന്നു മനസ്സിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ മാതാപിതാക്കൾ മൊബൈൽ വാങ്ങി അലമാരയിൽ വച്ചു പൂട്ടി. ഇതിൽ പിണങ്ങി കുട്ടി വീട്ടുകാരോടു പറയാതെ ഇറങ്ങുകയായിരുന്നു. വിദേശത്തുള്ള സുഹൃത്തിന്റെ അമ്മയുടെ അടുത്തേക്കു പോവുകയായിരുന്നു ലക്ഷ്യം. വീടിനു സമീപത്തുനിന്ന് സ്വകാര്യ ബസിൽ കയറി വിമാനത്താവളത്തിനു സമീപം അത്താണിയിൽ ഇറങ്ങി. അവിടെനിന്ന് ഓട്ടോ പിടിച്ച് കുട്ടി വിമാനത്താവളത്തിലെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പാസ്‌പോർട്ടില്ലാതെ വിദേശത്തേക്കു പോകാനാവില്ലെന്ന് പൊലീസ് പറഞ്ഞപ്പോൾ പോകണമെന്ന ആവശ്യത്തിൽ കുട്ടി ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ നെടുമ്പാശേരി സിഐ കുട്ടിയെ അനുനയിപ്പിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ഇതിനിടെ, കുട്ടിയെ കാണാനില്ലെന്ന വിവരം ബന്ധുക്കൾ മാള പൊലീസിൽ അറിയിച്ചിരുന്നു. മാളയിൽ നിന്നെത്തിയ പൊലീസിന്റെയും ബന്ധുക്കളുടെയുമൊപ്പം പെൺകുട്ടിയെ തിരികെ വീട്ടിലേക്കയക്കുകയായിരുന്നു.