play-sharp-fill
സാമുദായിക-രാഷ്ട്രീയ സംഘടനകൾ രംഗത്ത് വന്നു; അറസ്റ്റൊഴിവാക്കാൻ സിപിഎം ജില്ലാ നേതൃത്വം; അന്വേഷണ സംഘത്തിന് മേൽ സമ്മർദം ; മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയെ സ്ഥലം മാറ്റാനുള്ള ശ്രമം ഊർജിതം

സാമുദായിക-രാഷ്ട്രീയ സംഘടനകൾ രംഗത്ത് വന്നു; അറസ്റ്റൊഴിവാക്കാൻ സിപിഎം ജില്ലാ നേതൃത്വം; അന്വേഷണ സംഘത്തിന് മേൽ സമ്മർദം ; മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയെ സ്ഥലം മാറ്റാനുള്ള ശ്രമം ഊർജിതം

പത്തനംതിട്ട: നൂറു കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് നടന്ന മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ പാർട്ടി നിർദ്ദേശം മറി കടന്ന് മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടൂർ യൂണിറ്റ് ഡിവൈ.എസ്‌പി എം.എ. അബ്ദുൾ റഹിമിനെ സ്ഥലം മാറ്റാൻ ചരടുവലികൾ ഊർജിതം.

ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ഇന്നലെ അറസ്റ്റ്് ചെയ്തത്. ജോഷ്വായെ സെപ്്റ്റംബർ 25 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.


ഹൈക്കോടതി ഉത്തരവിട്ടിട്ടു പോലും ജോഷ്വാ മാത്യു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഇയാൾക്ക് വേണ്ടി സാമുദായിക-രാഷ്ട്രീയ സംഘടനകൾ രംഗത്തു വന്നിരുന്നു. അറസ്റ്റൊഴിവാക്കാൻ സിപിഎം ജില്ലാ നേതൃത്വം അന്വേഷണ സംഘത്തിന് മേൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാതെ അന്വേഷണം മുന്നോട്ട് നയിച്ച ഡിവൈ.എസ്‌പി മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസിൽ മുൻ സെക്രട്ടറി മാത്രമാണ് പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ബാങ്കിലെ 89 ബിനാമി വായ്പകൾ വഴി കോടികൾ തട്ടിയ അന്വേഷണത്തിന്റെ ചുമതല കൂടി ഡിവൈ.എസ്‌പി അബ്ദുൾ റഹിമിന് കൈമാറി. ഈ കേസിൽ സിപിഎം ഏരിയാ കമ്മറ്റിയംഗമായ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ കൂടി പ്രതിയാണ്. കേസ് നേരായ വണ്ണം അന്വേഷിച്ചാൽ മറ്റു ചില ഉന്നതർ കൂടി അറസ്റ്റിലാകും. പാർട്ടിക്ക് വഴങ്ങാതെ അന്വേഷിക്കുന്ന അബ്ദുൾ റഹിമിനെ ആസ്ഥാനത്ത് തുടരാൻ അനുവദിച്ചാൽ വിനയാകുമെന്ന് കണ്ടാണ് പുതിയ നീക്കം.

പൊലീസിലെത്തും മുൻപ് ജില്ലാ സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു അബ്ദുൾ റഹിം. ഇതു കാരണം തട്ടിപ്പ് നടക്കാൻ സാധ്യതയുള്ള വഴികളെ കുറിച്ച് അദ്ദേഹത്തിന് ഉത്തമബോധ്യവുമുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും എളുപ്പം റഹിമിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുകയാണ്. അതിനിടെ കേസ് അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്ന് തട്ടിപ്പ് വെളിച്ചത്തു കൊണ്ടു വന്ന മുൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് തറയിലും ആരോപിക്കുന്നു.

കോടികളുടെ തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി ജോഷ്വ മാത്യുവിന്റെ അറസ്റ്റൊഴിവാക്കാൻ വേണ്ടി സാമുദായിക-രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ഭരണപക്ഷ എംഎ‍ൽഎയുടെ ഓഫീസ് ജീവനക്കാരൻ നേരിട്ടാണ് ജോഷ്വാ മാത്യുവിന് വേണ്ടി ക്രൈംബ്രാഞ്ച് ഓഫീസ് കയറിയിറങ്ങിയത്.

ജോഷ്വയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുമ്പോൾ അഞ്ചക്കാലായിലെ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും ഇദ്ദേഹമായിരുന്നു. ഓഗസ്റ്റ് ഒന്നിന് ജോഷ്വ മാത്യു ക്രൈംബ്രാഞ്ചിന് മുൻപാകെ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങനായിരുന്നു നിർദ്ദേശം.

എന്നാൽ, അന്ന് ജോഷ്വായുടെ മെഡിക്കൽ സർട്ടിഫിക്കറ്റുമായി ക്രൈംബ്രാഞ്ചിന് മുന്നിലെത്തിയതും എംഎൽഎയുടെ ഓഫീസ് ജീവനക്കാരനായിരുന്നു. സിപിഎമ്മിന്റെ ജില്ലാ നേതൃത്വം വഴി വിട്ട ഇടപെടൽ നടത്തിയെന്ന ആരോപണവും നിലനിൽക്കുന്നു. താനൊരിക്കലും അറസ്റ്റിലാകാൻ സിപിഎം നേതൃത്വം അനുവദിക്കില്ലെന്ന ധാരണയും ജോഷ്വയ്ക്കുണ്ടായിരുന്നു.

ഹൈക്കോടതി പറഞ്ഞ കാലാവധി മുഴുവൻ അവസാനിച്ചിട്ടും ഇതേ ആത്മവിശ്വാസം കൈമുതലാക്കി ഇദ്ദേഹം പൊതുസമൂഹത്തിലുണ്ടായിരുന്നു. സുപ്രീംകോടതിയെ താൻ സമീപിച്ചുവെന്നാണ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഇത് കളവാണെന്ന് ബോധ്യമായതോടെ സകല സമ്മർദങ്ങളും അവഗണിച്ച് അന്വേഷണ സംഘം ജോഷ്വയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇതിനിടെ താനല്ല യഥാർഥ പ്രതിയെന്നാണ് ജോഷ്വ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. തട്ടിയെടുത്തിട്ടുള്ള 3.94 കോടിയിൽ ഒരു രൂപ പോലും തനിക്ക് കിട്ടിയിട്ടില്ലത്രേ. അങ്ങനെയെങ്കിൽ ആ പണം ആര് കൊണ്ടു പോയി എന്ന് ജോഷ്വ പറയണമെന്ന് മുൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് തറയിൽ പറയുന്നു.

ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവാണ് മൈഫുഡ് റോളർ ഫാക്ടറിയുടെ എംഡി. ഫാക്ടറിയിൽ നടക്കാത്ത ഗോതമ്പ് പർച്ചേസ് നടന്നുവെന്ന് കാട്ടിയാണ് പണം തട്ടിയത്. അതിന്റെ പങ്ക് തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ആ നിലയ്ക്ക് ആരാണ് യഥാർഥ തട്ടിപ്പുകാരനെന്ന് ജോഷ്വ പറയണം.

കേസ് കെട്ടിച്ചമച്ചാണ് അറസ്റ്റ് നടന്നതെങ്കിൽ അതും അന്വേഷിക്കണം. ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച മുഴുവൻ രേഖകളും തന്റെ പക്കലുണ്ടെന്നും ഇതു കാണിച്ച് അഞ്ചു വർഷമായി താൻ പരാതി നൽകി വരികയാണെന്നും ഒരു അന്വേഷണവും നടന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.