കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ തുടരും: കടകൾ അടയ്‌ക്കേണ്ട സാഹചര്യം ഇല്ല; പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നതും, ആളുകൾ കൂടുന്നതും ഒഴിവാക്കുക; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്നും കളക്ടർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോവിഡ് കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നു ജില്ലാ കളക്ടർ. രോഗം പടരാതിരിക്കാനുള്ള നിയന്ത്രണങ്ങളാണ് കർശനമായി നടപ്പാക്കുന്നത്. ആളുകൾ കൂടി നിൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും, നിർദേശങ്ങൾ പാലിക്കാൻ സാധാരണക്കാർ തയ്യാറാകണമെന്നും ജില്ലാ കളക്ടർ പി.കെ സുധീർ ബാബു തേർഡ് ന്യൂസ് ലൈവിനോടു പറഞ്ഞു.
ജില്ലയിൽ ജനകീയ കർഫ്യൂ തിങ്കളാഴ്ച തുടരില്ല. പകരം കഴിഞ്ഞ ദിവസങ്ങളിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കും. ജില്ലയിലെ കടകളും സ്ഥാപനങ്ങളും തുറക്കുന്നതിന് കുഴപ്പമില്ല. എന്നാൽ, ഇവിടങ്ങളിൽ പത്തിലധികം ആളുകൾ കൂടി നിൽക്കുന്നത് ഒഴിവാക്കണം. നിയന്ത്രണം ലംഘിച്ച് പത്തോ ഇരുപതോ ആളുകളിൽ കൂടുതൽ ഒരു സമയം കൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. ഇത്തരത്തിൽ നടപടിയെടുക്കാൻ ഓരോ പ്രദേശത്തെയും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടകളും പെട്രോൾ പമ്പുകളും തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും അടക്കം ഹ്രസ്വദൂര വാഹനങ്ങൾ സർവീസ് നടത്തും. എന്നാൽ, ഇവിടങ്ങളിൽ പരിധിയിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി ആളുകൾ വീടുകളിൽ തന്നെ കഴിയുന്നതാണ് നല്ല. ആളുകൾ വീട്ടി നിന്നും കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിക്കുന്നു.
സൂപ്പർമാർക്കറ്റുകളും മറ്റു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. എന്നാൽ, ഇവിടങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കണം. സ്വകാര്യ വാഹനങ്ങൾ പരമാവധി യാത്രകൾക്കായി ഉപയോഗിക്കണം. പൊതുഗതാഗത സംവിധാനങ്ങളിൽ കയറിയാൽ കൈകൾ കൃത്യമായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രം വീടുകളിൽ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സർക്കാർ നിർദേശം പാലിച്ച് മാസ്‌കും സാനിറ്റൈസറും അടക്കമുള്ളവ ഉപയോഗിച്ച് ശുചിത്വം കൃത്യമായി പാലിച്ച് ആളുകൾ ഓഫിസുകളിൽ എത്തണമെന്നും ജില്ലാ കളക്ടർ നിർദേശിക്കുന്നു.