കൊറോണയെ തുരത്താൻ പ്ലാൻ എ,ബി,സി ; അരയും തലയും മുറുക്കി സംസ്ഥാന സർക്കാർ

കൊറോണയെ തുരത്താൻ പ്ലാൻ എ,ബി,സി ; അരയും തലയും മുറുക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനത്തെ തടയാൻ പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 18 കമ്മിറ്റികളിൽ ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ

പ്ലാൻ എ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിനെ നേരിടാൻ 50 സർക്കാർ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 52 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ എ നടപ്പിലാക്കിയത്. 974 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 242 ഐസൊലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.

പ്ലാൻ ബി

പ്ലാൻ എയോട് അനുബന്ധമായാണ് പ്ലാൻ ബിയും തയ്യാറാക്കിയത്. 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് പ്ലാൻ ബി നടപ്പാക്കിയത്. 1408 ഐസൊലേഷൻ കിടക്കകൾ സജ്ജമാക്കുകയും 17 ഐസൊലേഷൻ കിടക്കകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ പ്ലാൻ എയാണ് നടപ്പിലാക്കി വരുന്നത്. പ്ലാൻ എയിൽ 1000ത്തോളം ഐസൊലേഷൻ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാൻ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.

പ്ലാൻ സി

ഫെബ്രുവരി 29ന് ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പർക്കം പുലർത്തിയ അടുത്ത രണ്ട് ബന്ധുക്കൾക്കും മാർച്ച് എട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാൻ സി തയ്യാറാക്കിയത്. ജനങ്ങൾ ജാഗ്രത പുലർത്തി സാമൂഹ്യ അകലം പാലിച്ച് സമ്പർക്കത്തിലേർപ്പെട്ടവർ കൃത്യമായി നിരീക്ഷണത്തിൽ കഴിഞ്ഞാൽ പ്ലാൻ ബിയിൽ തന്നെ നമുക്ക് പിടിച്ച് നിൽക്കാനാകും.

സർക്കാർ സ്വകാര്യ ആശുപത്രികളുടെ പൂർണ സഹകരണത്തോടെയാണ് പ്ലാൻ സി നടപ്പാക്കുക. ഇതിനായി പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങൾ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സർക്കാർ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷൻ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാൻ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ പ്ലാൻ സിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.

അതുകൂടാതെ സംസ്ഥാനത്തെ കൊവിഡ് 19 രോഗികൾക്കായി കൊറോണ കെയർ സെന്ററും തയ്യാറാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാർപ്പിക്കാനായാണ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുള്ളത്. ഇവരിലൂടെ മറ്റാർക്കും രോഗപ്പകർച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാർപ്പിക്കുന്നത്.

ഇപ്പോൾ കുറച്ച് പേർ മാത്രമാണ് ഈ കെയർ സെന്ററുകളിലുള്ളത്. എന്നാൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായാൽ ഐസൊലേഷൻ സൗകര്യത്തിനായാണ് പ്ലാൻ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയിട്ടുള്ളത്. 21,866 പേരെ ഒരേസമയം ഈ കെയർ സെന്ററുകളിൽ പാർപ്പിക്കാനാകും. സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹായവുമായി വന്നിട്ടുണ്ട്. ഇനിയും കൂടുതൽ സ്ഥാപനങ്ങൾ കെയർ സെന്ററുകളാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.