പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനും;. എപ്പോഴും ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്ന പ്രിയപ്പെട്ട നേതാവും, മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍; അനുശോചിച്ച് മോഹൻലാൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി എന്നും പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനുമായിരുന്നു. എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ അനുശോചിച്ചു.

വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍’.. മോഹന്‍ലാല്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം കണ്ട ജനകീയനായ രാഷ്ട്രീയ നേതാക്കളില്‍ എന്നും മുന്‍പില്‍ എഴുതിച്ചേര്‍ക്കാവുന്ന പേരാണ് ഉമ്മന്‍ചാണ്ടിയുടേത്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ട, ജനത്തിരക്കിനെ ജീവിതമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി വിടപറയുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമെന്ന് പറയാതാരിക്കാനാവില്ല. ജന്മനാടായ പുതുപ്പള്ളിയിലെ ജനത തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗവാര്‍ത്ത കേട്ടത് നിറകണ്ണുകളോടെയാണ്. ഇനി ഒരിക്കലും പുതുപ്പള്ളിയിലേക്ക് തിരിച്ചുവരാത്ത ഉമ്മന്‍ചാണ്ടി, പക്ഷേ ഒരു നാടിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ഓര്‍മകളില്‍ ജീവിക്കും.

പുലര്‍ച്ചെ നാലരയോടെയായിരുന്നു ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.

ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം കേരളത്തിലെത്തിക്കുക. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് മണിയോടെ ഭൗതികശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് ആറ് മണിയോടെ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്‌കാരം നടക്കുക.