
അട്ടപ്പാടി മധു വധക്കേസ്; പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം; ഐപിസി 304-ാം വകുപ്പ് പാര്‍ട്ട് ടു പ്രകാരം പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി കോടതി; പരമാവധി ശിക്ഷ പത്തു വര്‍ഷം തടവ്; കൂറുമാറിയവര്‍ക്കെതിരെ നടപടിയുണ്ടാവും
സ്വന്തം ലേഖകൻ
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത് മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം. ഐപിസി 304-ാം വകുപ്പ് പാര്‍ട്ട് ടു പ്രകാരം പ്രതികള്‍ കുറ്റക്കാരെന്നാണ് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി കോടതി കണ്ടെത്തിയത്. പരമാവധി പത്തു വര്‍ഷം വരെ തടവാണ് ഈ വകുപ്പു പ്രകാരമുള്ള ശിക്ഷ.
ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയ പ്രതികള്‍. ഇതില്‍ പതിനാറാം പ്രതി മുനീര്‍ ഒഴികെയുള്ളവര്‍ക്കെതിരെ മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

16-ാം പ്രതിക്കെതിരെ മൂന്നു മാസം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് തെളിഞ്ഞിട്ടുള്ളത്. ഇത് ഇതിനകം അനുഭവിച്ചു തീര്‍ത്തതിനാല്‍ പതിനാറാം പ്രതിയെ നാളെ മോചിപ്പിക്കും. ഒരു പ്രതി ഒഴികെയുള്ളവര്‍ക്കെതിരെ ഐപിസി 326, 367, എസ് സി, എസ് ടി ആക്ട് 3 1ഡി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയും നാളെ വിധിക്കും.
കേസില്‍ ഐപിസി 302 പ്രകാരമുള്ള കൊലക്കുറ്റം തെളിയിക്കാനായില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.
കേസില്‍ വെല്ലുവിളികള്‍ മറികടക്കാനായതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി. കൂറുമാറിയ സാക്ഷികള്‍ക്കെതിരായ നടപടികള്‍ തുടരും. ഇതില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു ക്രിമിനല്‍ കേസിനെയും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം ദുര്‍ബലപ്പെടുത്തും. ഇതു ജുഡീഷ്യല്‍ വ്യവസ്ഥയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ അഭിപ്രായപ്പെട്ടു.
ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെ കോടതി വെറുതെവിട്ടു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്നായിരുന്നു അനീഷിന് എതിരായ കുറ്റം. മധുവിനെ കള്ളന്‍ എ്ന്നു വിളിച്ച് ആക്ഷേപിച്ചെന്നാണ് അബ്ദുല്‍ കരീമിന് എതിരായ കുറ്റം.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പേരായിരുന്നു പ്രതികള്‍, എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്.
പതിനൊന്നു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസില്‍ വിധി വന്നത്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 പേരായിരുന്നു സാക്ഷികള്‍. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. മാര്‍ച്ച് പത്തിനാണ് കേസിന്റെ അന്തിമ വാദം പൂര്‍ത്തിയായത്.