പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന
സ്വന്തം ലേഖകൻ
ആലപ്പുഴ: പിതാവും ചേച്ചിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന. മോണോ ആക്ടിൽ പിതാവിന്റെയും സഹോദരിയുടെയും പാത പിൻതുടർന്ന് തുടർച്ചയായ മുന്നാം തവണയാണ് മാധവി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്. എം ജി സർവകലാശാല മുൻ കലാ പ്രതിഭയായ പിതാവും കോട്ടയം മൂലവട്ടം അമൃത സ്‌കൂൾ അദ്ധ്യാപകനുമായ രാജേഷ് കെ.പുതുമന തന്നെയാണ് മാധവിയെയും പരിശീലിപ്പിക്കുന്നത്. ജില്ലാ തല മത്സരത്തിൽ തുടർച്ചയായ ആറ് തവണ മോണോ ആക്ടിൽ നേടിയ ഒന്നാം സ്ഥാനവുമായാണ് മാധവി അലപ്പുഴയിൽ എത്തിയത്. ഓട്ടൻതുള്ളലിനിടെ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ച കലാമണ്ഡലം ഗീതാനന്ദന്റെ മരണമായിരുന്നു മാധവി വേദിയിൽ അവതരിപ്പിച്ചത്.
പിതാവ് തന്നെയാണ് പരിശീലനം നൽകിയത്. സഹോദരിയും എൻജിനീയറിംഗ് വിദ്യാർത്ഥിയുമായ മേധ പുതുമനയും , കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മോണോ ആക്ടിലും , കഥാപ്രസംഗത്തിലും വിജയിച്ചാണ് മേധ കലാത്സവങ്ങളിലെ താരമായി തിളങ്ങിയത്. മാതാവ് വിദ്യാ നായർ ട്രഷറി ഉദ്യോഗസ്ഥയാണ്.