കോട്ടയം: ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിനെ അനധികൃതമായി 16 ലിറ്റർ വിദേശമദ്യം കൈവശം വെച്ച കേസിൽ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തെള്ളകം സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സുരേഷിന്റെ വീട്ടില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡ് നടക്കുന്നതിനിടെയാണ് വിദേശമദ്യശേഖരം കണ്ടെത്തിയത്.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 10 ബോട്ടിലുകളും പോണ്ടിച്ചേരിയില്‍ മാത്രം വില്‍ക്കാന്‍ അനുമതിയുള്ള 25 കുപ്പി മദ്യവും, പട്ടാളക്കാർക്ക് ഉപയോഗിക്കാനുള്ള മദ്യവും സുരേഷിൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള അബ്കാരി നിയമം 55 (എ), 58, 13,63 വകുപ്പുകള്‍ ചുമത്തിയാണ് മണർകാട് പൊലീസ് കേസ് എടുത്തത്.
മാലം സുരേഷിനെതിരെ ഏറ്റുമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ മൂന്നാം പ്രതിയാണ് മാലം സുരേഷ്. ജമീല്‍ മുഹമ്മദും ഷാനവാസുമാണ് ഒന്നും രണ്ടും പ്രതികള്‍.
ജമീലിനെതിരെ വ്യവസായി പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കാനും പണം ആവശ്യപ്പെട്ടും സുരേഷ് ഉള്‍പ്പെടെയുള്ളവർ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. ഈ കേസിലാണ് സുരേഷിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഈ റെയ്ഡിനിടെയാണ് വിദേശമദ്യ ശേഖരം കണ്ടെത്തിയത്.
കോട്ടയം ഡിവൈഎസ്പി മുരളി എം.കെ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം. അനിൽകുമാർ, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, മണർകാട് സ്റ്റേഷൻ എസ്.ഐ ഷെബാബ് കെ.കെ, സി.പി.ഓ മാരായ ജിജോ തോമസ്, ലിജോ എം.സക്കറിയ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. സുരേഷ് മണർകാട്, കോട്ടയം വെസ്റ്റ്, പാമ്പാടി, ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.