
നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവായി സഭയില്‍ തുടരാമെന്ന പിണറായിയുടെയും ഔദ്യോഗിക പക്ഷത്തിന്റെയും മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി തന്നെ രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ കേട്ടതിന് ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കൂ എന്നും ബേബി വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ രാത്രി വൈകുവോളം നീണ്ട ചര്‍ച്ചകളില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ജനവികാരം മനസ്സിലാക്കാതെയും അണികളുടെ ആശങ്കകള്‍ കേള്‍ക്കാതെയും മുന്നോട്ട് പോയതാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
തോല്‍വി ലഘൂകരിച്ച് കാണാന്‍ ശ്രമിക്കരുതെന്നും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് തിരുത്തണമെന്നും എംഎ ബേബി കര്‍ശന നിര്‍ദ്ദേശം നല്‍കി. പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കുമെന്ന വികാരം ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലുണ്ടായ ഭരണവിരുദ്ധ വികാരമാണ് പാര്‍ട്ടിയെ 35 സീറ്റുകളിലേക്ക് ഒതുക്കിയത്. ഇതേ വ്യക്തി തന്നെ പ്രതിപക്ഷത്തെ നയിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവരുടെ വാദം. പാര്‍ലമെന്ററി നേതൃത്വത്തിലും പുതിയ മുഖം വേണമെന്ന ആവശ്യം ശക്തമാണ്.
മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെപ്പോലെയുള്ള സൗമ്യനായ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന വാദവും സജീവമാണ്. സഭയില്‍ സര്‍ക്കാരിനെ നേരിടാന്‍ പിണറായിയുടെ ശൈലിയല്ല, മറിച്ച് വസ്തുതകള്‍ നിരത്തിയുള്ള പോരാട്ടമാണ് വേണ്ടതെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എംഎ ബേബി സ്വീകരിച്ച കര്‍ക്കശമായ നിലപാട് പിണറായി വിജയന് പാര്‍ട്ടിയിലുണ്ടായിരുന്ന ഏകപക്ഷീയമായ സ്വാധീനം നഷ്ടപ്പെട്ടതിന്റെ സൂചനയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് 102 സീറ്റുകള്‍ നേടി കരുത്തുറ്റ ഭരണത്തിലേക്ക് നീങ്ങുമ്പോള്‍, ദുര്‍ബലമായ പ്രതിപക്ഷമായി സിപിഎം മാറുമോ എന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കുണ്ട്. ഇതിന് പരിഹാരമായിട്ടാണ് താഴെത്തട്ടില്‍ നിന്നുള്ള ശുദ്ധീകരണം ബേബി ലക്ഷ്യമിടുന്നത്. ‘ഞങ്ങള്‍ തോറ്റു എന്ന് സമ്മതിക്കാന്‍ മടിക്കേണ്ടതില്ല’ എന്ന ബേബിയുടെ നിലപാട് പാര്‍ട്ടിയില്‍ പുതിയൊരു തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന സമിതിയിലേക്കും താഴേക്കും എത്തും.







