ഗായകൻ എം ജി ശ്രീകുമാറിന്റെ കായൽ കൈയ്യേറ്റം ; പരാതി ഓബുഡ്‌സ്മാന് വിട്ട് സർക്കാർ ,നടപടി വിജിലൻസ് ശുപാർശയേതുടർന്ന്
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗായകൻ എംജി ശ്രീകുമാർ കായൽ കൈയ്യേറിയെന്ന പരാതി തദ്ദേശ ഓംബുഡ്‌സ്മാന് വിട്ട് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച സംസ്ഥാന വിജിലൻസിൻറെ ശുപാർശിലാണ് നടപടി. പരാതിയിൽ അന്വേഷണം നടത്തിയ വിജലൻസ് വകുപ്പ് വിഷയം പഞ്ചായത്തീ രാജ് ചട്ടങ്ങളുടെ ലംഘനമായതിനാൽ അന്വേഷണത്തിന് സാങ്കേതിക തടസ്സമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കേസ് ഓംബുഡ്‌സ്മാന് വിടുന്നതാണ് നല്ലതെന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കുകയായിരുന്നു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് എംജി ശ്രീകുമാറിന് എതിരെ പരാതി നൽകിയത്. 2010ലാണ് മുളവുകാട് വില്ലേജിൽ എംജി ശ്രീകുമാർ 11.50 സെന്റ് ഭൂമി വാങ്ങിയത്. ഈ സ്ഥലത്ത് അനധികൃതമായി കെട്ടിട നിർമ്മാണം നടത്തിയെന്നാണ് ആരോപണം.കെട്ടിടം നിർമ്മിച്ചപ്പോൾ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിർമ്മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.മുളവുകാട് പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജീനിയറാണ് അനധികൃത കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയതെന്നും, ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നും കളമശേരി സ്വദേശിയുടെ പരാതിയിൽ പറയുന്നുണ്ട്.കളമശേരി സ്വദേശിയായ ഗിരീഷ് ബാബു തന്നെയാണ് നടൻ ജയസൂര്യയ്‌ക്കെതിരെയും നേരത്തെ പരാതി നൽകിയത്.