കാമുകിയെ ഉപേക്ഷിച്ചു കാമുകൻ കടന്നുകളഞ്ഞു; കടുത്തുരുത്തി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കുഴഞ്ഞുവീണ് യുവതി

Spread the love

സ്വന്തം ലേഖകൻ

കടുത്തുരുത്തി : യുവതിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ചു കാമുകൻ കടന്നുകളഞ്ഞു. അവശനിലയിലായി കുഴഞ്ഞുവീണ യുവതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മാൻവെട്ടം ജംക്‌ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവതിയും യുവാവും എത്തി. ഇരുവരും തമ്മിൽ സംസാരിച്ചിരിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു.

ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും യുവാവ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നതു കണ്ടു നാട്ടുകാരിൽ ചിലർ യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും യുവതി സംസാരിച്ചില്ല. തുടർന്നാണു നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ യുവതി കുഴ‍ഞ്ഞുവീണു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞീഴൂരുള്ള യുവതിയുടെ അമ്മയെ പൊലീസ് വിളിച്ച് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്നു പൊലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി.

കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ഏതാനും ആഴ്ചകൾക്കു മുൻപാണു പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പം പോയതെന്നു പൊലീസ് പറ‍ഞ്ഞു. യുവാവിനെയും പൊലീസ് ബന്ധപ്പെട്ടു. യുവതിയിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇന്നു തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.