സംസ്ഥാനത്ത് വീണ്ടും പ്രണയപ്പക: വീടിന്റെ ഓടിളക്കി അകത്ത് കടന്ന യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു; സംസ്ഥാനത്ത് കത്തിമുനയിൽ പ്രണയങ്ങൾ അവസാനിക്കുന്നത് നിത്യ സംഭവമാകുന്നു

സ്വന്തം ലേഖകൻ

കൊല്ലം: പ്രണയപ്പകയിൽ പെൺകുട്ടികൾ കത്തിമുനയിലും പെട്രോളിനു മുന്നിലും പിടഞ്ഞു വീഴുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നു. ഏറ്റവും ഒടുവിൽ കൊല്ലം ശാസ്താംകോട്ടയിലാണ് പെൺകുട്ടിയെ വീടിന്റെ ഓടിളക്കി അകത്ത് പ്രവേശിച്ച യുവാവ് കുത്തി വീഴ്ത്തിയത്. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് മാത്രം പ്രണയപ്പകയുടെ പേരിൽ കുത്തേറ്റ് വീഴുന്ന പെൺകുട്ടികളുടെ എണ്ണം ഒൻപതായി. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരൻ അനന്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. സ്വകാര്യ ബസ് ജീവനക്കാരനായ പ്രതി പെൺകുട്ടിയെ നേരത്തെ പല തവണ ശല്യം ചെയ്തിരുന്നു. നിരന്തരമായി ശല്യം തുടർന്നതോടെ പെൺകുട്ടി ഇയാളെപ്പറ്റി ബന്ധുക്കളെ അറിയിക്കുകയും, ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടർന്നാണ് ഞായറാഴ്ച രാത്രി വൈകി ഇയാൾ വീടിന്റെ ഓടിളക്കി അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. മുറിയ്ക്കുള്ളിൽ അനന്തു എത്തിയത് അറിഞ്ഞ് പെൺകുട്ടി ചാടി എഴുന്നേൽക്കുകയും നിലവിളിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, വായ പൊത്തിപ്പിടിച്ച ശേഷം പ്രതി കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു. വയറ്റിൽ മൂന്ന് കുത്തേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പ്രണയത്തിന്റെ പേരിൽ മാത്രം സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഒൻപത് പെൺകുട്ടികൾക്കാണ് അക്രമത്തിനു വിധേയരാകേണ്ടി വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ പെൺകുട്ടികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസും സർക്കാരും തയ്യാറാകുന്നില്ലെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം.

Advertisement