യഥാർത്ഥ പ്രണയത്തിനായി കാമുകൻ ജയിലിൽ കയറി; ലഹരിയിൽ വഴി തെറ്റിയ ശരത്തിന് പ്രണയം നൽകിയത് ആശ്വാസം: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് സ്റ്റേഷനിൽ തുറന്ന് പറഞ്ഞ് യുവാവ് ജയിലിലായി; പീഡനം തുറന്ന് പറഞ്ഞത് അവൾ തേക്കാതിരിക്കാനെന്ന് യുവാവ്
സ്വന്തം ലേഖകൻ
തിരുവല്ല: പ്രണയത്തിന്റെ പല വേർഷനുകൾ കണ്ട കേരളത്തിൽ യഥാർത്ഥ പ്രണയത്തിനായി ജയിലിൽ പോകുന്ന യുവാവ്. ജീവിതവും കാമുകിയും കൈ വിട്ട് പോകാതിരിക്കാനായാണ് ശരത് എന്ന യുവാവ് കുറ്റം സ്വയം ഏറ്റ് ജയിലിൽ പോയത്. കാമുകിയായ പതിനാറ്കാരിയുടെ അമ്മയെ കയ്യേറ്റം ചെയ്ത കേസിൽ പൊലീസ് പിടികൂടിയതോടെയാണ് , വീട്ടമ്മയുടെ മകളെ താൻ മൂന്നു തവണ പീഡിപ്പിച്ചിരുന്നുവെന്നാണ് ശരത് കുറ്റസമ്മതം നടത്തിയത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതോടെ യുവാവിനെ റിമാൻഡ് ചെയ്തു. ആനിക്കാട് മാരിക്കൽ വീട്ടിൽ ശരത് ബാബു(20)വിനെയാണ് ഇൻസ്‌പെക്ടർ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്.
വിശദമായ ചോദ്യം ചെയ്യലിൽ അനാഥത്വത്തിന്റെ വിഷമം പേറുന്ന യുവാവ് ലഹരി മരുന്നുകൾക്ക് അടിമയാണെന്നും കണ്ടെത്തി. 16 വയസുള്ള പെൺകുട്ടിയുമായി ശരത് പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടിൽ കൊണ്ടു പോയാണ് മൂന്നു വട്ടം പീഡിപ്പിച്ചത്. ശരത് ലഹരിമരുന്നുകൾക്ക് അടിമയാണെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഉള്ളയാളാണെന്നും മനസിലാക്കിയ പെൺകുട്ടിയുടെ അമ്മ പ്രണയ ബന്ധത്തെ എതിർത്തിരുന്നു. ഇതിന്റെ പേരിൽ പെൺകുട്ടിയുടെ മാതാവും ശരത്തുമായി വഴക്കുണ്ടായി. ഇതിനിടെയാണ് വീടു കയറി ആക്രമിക്കാൻ ശരത് ശ്രമിച്ചുവെന്ന് കാട്ടി മാതാവ് പരാതി നൽകിയത്. സംഭവം എന്താണെന്ന് പൊലീസ് അന്വേഷിച്ചപ്പോഴാണ് പ്രണയകഥ പുറത്തു വന്നത്.
പൊലീസിന് മൊഴി നൽകുന്നതിനിടെയാണ് താൻ മൂന്നു വട്ടം പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന കഥ ശരത് പറഞ്ഞത്. എനിക്കവളെ ഭയങ്കര ഇഷ്ടമാണ്. അമ്മയുടെ വാക്കു കേട്ട് അവൾ എന്നെ തേച്ചിട്ട് പോകുമെന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇനി ആരും അവളെ കെട്ടരുത്. ഇതിന്റെ പേരിൽ എത്രവർഷം വേണമെങ്കിലും ഞാൻ ജയിലിൽ കിടക്കാൻ തയാറാണ്. പുറത്തിറങ്ങി അവൾക്കൊപ്പം ജീവിക്കാമല്ലോ? ശരതിന്റെ മൊഴി കേട്ട് ഞെട്ടിയ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയാൾ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി. ഒപ്പം മറ്റൊരു കഥയും.
മാരിക്കൽ ബാബുവിന്റെ മകനാണ് ശരത് എന്നാണ് രേഖകളിലുള്ളത്. യഥാർഥത്തിൽ യുവാവ് ബാബുവിന്റെ മകൻ അല്ല. അഞ്ചു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ബാബുവിന്റെ പിതാവിന് 20 വർഷം മുൻപ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കിട്ടിയതാണ്. അയാൾ ഈ കുഞ്ഞിനെ ബാബുവിന് വളർത്താൻ നൽകി. ബാബുവിന് മറ്റു മക്കൾ ഉണ്ടായിരുന്നു. അതു കാരണം ശരത് അവഗണനയേറ്റാണ് വളർന്നത്. ഇത് അവനെ തെറ്റായ കൂട്ടുകെട്ടിൽ എത്തിച്ചു. കഞ്ചാവിനും ലഹരി മരുന്നിനും അടിമയായി. തന്നെ ആരും സ്‌നേഹിക്കുന്നില്ല എന്നതായിരുന്നു ശരതിന്റെ പ്രശ്‌നം. അതിനിടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഈ സ്‌നേഹം അമൂല്യമായി കണ്ട ശരത് അത് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് ശ്രമിച്ചത്. അതാണ് ഒടുവിൽ പോക്‌സോ കേസിൽ കലാശിച്ചിരിക്കുന്നത്. എസ്ഐമാരായ ബിഎസ് ആദർശ്, സോമനാഥൻ നായർ, എംകെ ഷിബു, എഎസ്ഐമാരായ സുരേഷ് കുമാർ, പിഎ മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർ പിഎച്ച് അൻസിം എന്നിവരാണ് കേസ് അന്വേഷിച്ചത്.